കൊൽക്കത്ത ∙ കനത്ത മഴ മൂലം ഒന്നര ദിവസത്തോളം വൈകി ആരംഭിച്ച മത്സരത്തിൽ 83 റൺസിനിടെ ആറു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ച, പിന്നീട് കരുത്തോടെയുള്ള തിരിച്ചുവരവ്, അർധസെഞ്ചറിയുമായി 7, 8, 9 നമ്പർ ബാറ്റർമാർ, ഏഴാം വിക്കറ്റിലും എട്ടാം വിക്കറ്റിലും സെഞ്ചറി കൂട്ടുകെട്ട്! ബംഗാളിനെതിരെയുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കൂട്ടത്തകർച്ചയ്ക്കു ശേഷം ശക്തമായി തിരിച്ചുവരവു നടത്തിയ കേരളം ഒടുവിൽ സമനില സ്വന്തമാക്കി.ഒന്നാം ഇന്നിങ്സിൽ കേരളം 120 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 356 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തപ്പോൾ, ബംഗാൾ 63 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു നിൽക്കെ മത്സരം സമനിലയിൽ അവസാനിച്ചു.
ഇതോടെ, മൂന്നു കളികളിൽനിന്ന് ഒരു ജയവും രണ്ടു സമനിലകളും സഹിതം എട്ടു പോയിന്റുമായി കേരളം എലൈറ്റ് ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്തു തുടരുന്നു. ഒരു കളി ജയിക്കുകയും രണ്ടു കളികൾ ഒന്നാം ഇന്നിങ്സ് ലീഡോടെ സമനിലയിലാക്കുകയും ചെയ്ത ഹരിയാന 13 പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുന്നു.
അർധസെഞ്ചറി നേടിയ ഓപ്പണർമാരായ ശുവം ഡേ (113 പന്തിൽ 67), സദീപ് ചാറ്റർജി (102 പന്തിൽ 57) എന്നിവരാണ് ബംഗാളിനായി പൊരുതിനിന്നത്. അവിലിൻ ഘോഷാണ് (മൂന്നു പന്തിൽ നാല്) പുറത്തായ മറ്റൊരു ബംഗാൾ താരം. സുദീപ് കുമാർ ഗരാമി (91 പന്തിൽ 31), ക്യാപ്റ്റൻ അനുസ്തൂപ് മജുംദാർ (69 പന്തിൽ 21) എന്നിവർ പുറത്താകാതെ നിന്നു. കേരളത്തിനായി ആദിത്യ സർവതെ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും സ്വന്തമാക്കി.



