കേരളത്തിൽ മഴ ശക്തിപ്രാപിച്ചതിനെ തുടർന്ന് വിവിധ ജില്ലകളിൽ ജാഗ്രതാ നടപടികൾ ശക്തമാക്കി. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് ജില്ലാ കളക്ടർമാർ തീരുമാനം എടുത്തത്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. ചില ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾക്കും അവധി നൽകിയിട്ടുണ്ട്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പി.എസ്.സി. ഉൾപ്പെടെയുള്ള പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു. മഴ തുടരാനിടയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ വിഭാഗത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടങ്ങൾ അഭ്യർഥിച്ചു.



