ചൈനയിൽ നിന്നുള്ള ലി എൻഹായ് എന്ന ഷെഫ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരിക്കുന്നത് ഏറ്റവും നേർത്ത നൂഡിൽസ് ഉണ്ടാക്കിയിട്ടാണ്. അദ്ദേഹം ഉണ്ടാക്കിയ ഓരോ നൂഡിൽസ് നാരുകളുടെയും കനം 0.18 മില്ലിമീറ്റർ മാത്രമാണത്രെ. അതായത്, ഒരു മുടിയിഴയേക്കാൾ കനം കുറഞ്ഞതാണ് അത് എന്ന് അർത്ഥം. ഇതിനുമുമ്പ്, 2010 -ൽ ഇറ്റലിയിലെ ‘ലോ ഷോ ഡെയ് റെക്കോർഡ്’ -ലാണ് ഷെഫായ എൻഹായ് റെക്കോർഡ് സ്ഥാപിച്ചിട്ടുള്ളത്. അന്ന് അദ്ദേഹം നിർമ്മിച്ച നൂഡിൽസ് 0.33 മില്ലിമീറ്റർ (0.01 ഇഞ്ച്) ആയിരുന്നു. ഏറ്റവും നേർത്ത നൂഡിൽസ് തയ്യാറാക്കുന്നതിലെ രാജാവ് എന്നാണ് അദ്ദേഹം ഇതേ തുടർന്ന് അറിയപ്പെട്ടിരുന്നത് തന്നെ. ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോർഡ് കൂടി സ്വന്തമാക്കിയതോടെ അദ്ദേഹത്തിന് വലിയ ആരാധകരാണ് ഉണ്ടായിരിക്കുന്നത്. അദ്ദേഹം നൂഡിൽസ് തയ്യാറാക്കുന്നതിന്റെ വീഡിയോയും ഗിന്നസ് വേൾഡ് റെക്കോർഡ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. അതിൽ, അദ്ദേഹം വളരെയേറെ നൂഡിൽസ് നാരുകൾ തയ്യാറാക്കി എടുക്കുന്നത് കാണാം. പിന്നാലെ അത് അളക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടത്. ഒരുപാടുപേർ തങ്ങളുടെ അമ്പരപ്പ് മറച്ചുവയ്ക്കാതെ അതിന് കമന്റുകളും നൽകിയിട്ടുണ്ട്. എന്നാൽ, അതേ സമയം ഇന്ത്യയിൽ നിന്നുള്ള ചിലർ ഈ വീഡിയോയ്ക്ക് കമന്റ് നൽകിയത്, ഇന്ത്യയിലേക്ക് വരൂ, ഇന്ത്യയിൽ നിന്നുള്ള സോൻ പപ്പടി ഇതിലും നേരിയ നാരുകളാണ് എന്നാണ്.



