വിശാഖപട്ടണത്ത് 1,000 കിടക്കകളുള്ള ഗ്രീൻഫീൽഡ് മൾട്ടിസ്പെഷ്യലിറ്റി ആശുപത്രി നിർമ്മിക്കാൻ എ.ഐ.ജി ഹോസ്പിറ്റൽസ് ₹2,000 കോടി നിക്ഷേപിക്കുന്നു. ആന്ധ്രാപ്രദേശിലെ യെൻഡയിൽ ഒൻപത് ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രി സമുച്ചയം ഒരുങ്ങുന്നത്.രണ്ട് ഘട്ടങ്ങളിലായി അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന ഐ.ടി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാര ലോകേഷും എ.ഐ.ജി ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. ഡി. നാഗേശ്വർ റെഡ്ഡിയും ചേർന്ന് പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചു.ആദ്യ ഘട്ടത്തിൽ 650 കിടക്കകൾ സജ്ജീകരിക്കും. 2028 ഒക്ടോബറോടെ ഈ ഘട്ടം പ്രവർത്തനക്ഷമമാകുമെന്നാണ് അധികൃതർ അറിയിച്ചത്. രണ്ടാം ഘട്ടത്തിൽ 350 കിടക്കകൾ കൂടി ഉൾപ്പെടുത്തി ആശുപത്രിയുടെ ശേഷി 1,000 ആയി ഉയർത്തും.ആശുപത്രിക്ക് പുറമെ നഴ്സിങ് കോളേജ്, പാരാമെഡിക്കൽ ട്രെയിനിങ് സെന്റർ, റിസർച്ച് ലബോറട്ടറി, എ.ഐ. സെന്റർ എന്നിവയും ഒൻപത് ഏക്കർ ക്യാമ്പസിൽ ഉൾപ്പെടും. 50-ലധികം മെഡിക്കൽ, സർജിക്കൽ സ്പെഷ്യാലിറ്റികളിൽ സേവനം ലഭ്യമാക്കും.ക്ലിനിക്കൽ, ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളിലായി ഏകദേശം 9,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി നാര ലോകേഷ് വ്യക്തമാക്കി. ഇതിൽ ഏകദേശം 1,000 ഡോക്ടർമാരും ഉൾപ്പെടും. പ്രതിദിനം 5,000 ഒ.പി. കൺസൾട്ടേഷനുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഔട്ട്പേഷ്യന്റ് ബ്ലോക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
- Wed, 2 September 2026


