ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. ബാഴ്സലോണയും മാഡ്രിഡുമടക്കം ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ സ്ഥലങ്ങളാണ് സഞ്ചാരികളെ കാത്ത് സ്പെയിനിലുള്ളത്. ഒരിക്കൽ സന്ദർശിച്ചവർ പോലും വീണ്ടും പോകാനാഗ്രഹിക്കുന്ന സ്പെയിനിൽ നിന്ന് വിനോദസഞ്ചാരികൾക്ക് ശുഭകരമല്ലാത്തൊരു വാർത്തയാണ് ഇപ്പോൾ വരുന്നത്.രാജ്യത്തേക്ക് അമിതാതി ടൂറിസ്റ്റുകളെത്തുന്നത് തലവേദനയാകുന്നതിനാൽ വിനോദസഞ്ചാരികൾക്ക് സ്പെയിൻ സർക്കാർ നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങുകയാണ്. സ്പെയിനിന്റെ ഈ നീക്കം ലോകവ്യാപകമായി ഇപ്പോൾ ചർച്ചാവിഷയമായിട്ടുണ്ട്. ‘സ്പെയിൻ ടൂറിസ്റ്റ് ബാൻ’ എന്നാണ് ഈ വിഷയം ആഗോളതലത്തിൽ അറിയപ്പെടുന്നത്. ടൂറിസ്റ്റുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിനായി പല കാരണങ്ങളാണ് സർക്കാർ പറയുന്നത്.ബാഴ്സലോണ, മയോർക്ക, കാനറി ദ്വീപുകൾ പോലുള്ള സ്പെയിനിലെ പ്രശസ്തമായ വിനോദസഞ്ചാര നഗരങ്ങളിൽ ടൂറിസ്റ്റുകളുടെ കുത്തൊഴുക്കിനെതിരെ വലിയ ജനകീയ പ്രതിഷേധമാണ് നടക്കുന്നത്. വീടുകളുടെ ലഭ്യതക്കുറവ്, കുതിച്ചുയരുന്ന വീട്ടുവാടക, പരിസ്ഥിതി നാശം, സാംസ്കാരിക സ്വത്വം നഷ്ടപ്പെടുന്നു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
