ഐടി, നാല് വർഷത്തെ ജോലിക്ക് ശേഷം അത് രാജിവച്ച് സ്വന്തം സംരംഭത്തിലേക്ക് ഇറങ്ങുമ്പോൾ ഹർഷ പുതുശ്ശേരിയ്ക്ക് വയസ് വെറും 27. പെയിന്റിംഗിൽ ഉണ്ടായിരുന്ന താൽപര്യവും കഴിവുമാണ് മറ്റൊരു പാത തിരഞ്ഞെടുക്കാൻ ഈ കോഴിക്കോട്ടുകാരിക്ക് തുണയായത്. കോഴിക്കോട് ബാലുശേരിക്കടുത്തുള്ള ഇയ്യാട് എന്ന ചെറിയ ഗ്രാമത്തിലാണ് ഹർഷ ജനിച്ചത്. പിതാവ് രാജൻ പൊലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു. മാതാവ് അനിത. അനിയൻ നിഥിൻ. നിഥിനൊപ്പം ചേർന്നാണ് ഐറാലൂം എന്ന കമ്പനി തുടങ്ങുന്നത്.പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്തുനിർത്തി കോട്ടൺ, ജ്യൂട്ട്, ബാംബൂ, ചിരട്ട, പേപ്പർ, മുള, പരുത്തി, ചണം എന്നിവ ഉപയോഗിച്ച് ബദൽ ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽപന ആരംഭിച്ചു. ഇന്ന് ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും ഐറാലൂം ഒരു ബ്രാൻഡായി മാറി കഴിഞ്ഞു. 2019ൽ കോട്ടൺ ബാഗുകൾ ഉണ്ടാക്കിയാണ് ആദ്യം തുടങ്ങിയത്. പല വിധത്തിലുള്ള സാധനങ്ങൾ കരകൗശല വിദഗ്ധരുമായി ചേർന്നാണ് നിർമ്മിക്കുന്നത്. ഹോം ഡെക്കർ, മുളപ്പേന, ഓഫീസ് ഉത്പന്നങ്ങൾ, ഗിഫ്റ്റ് ഐറ്റംസ്, ആഭരണങ്ങൾ എന്നിങ്ങനെ എല്ലാം ഉണ്ട്. എല്ലാം നൂറ് ശതമാനം പ്രകൃതി സൗഹൃദ ഉൽപന്നങ്ങളാണ്.സ്ക്രാപ്പ് പെയിന്റിംഗിൽ 2016ൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഹർഷ ഇടം നേടിയിരുന്നു. പെൻസിൽ അവശിഷ്ടങ്ങൾ ഉപയോഗിച്ച് രണ്ട് മീറ്റർ നീളത്തിൽ ഒരുക്കിയ പെയിന്റിംഗിനാണ് റെക്കോർഡ് സ്വന്തമാക്കിയത്. 2019ൽ ബെസ്റ്റ് സോഷ്യൽ ഇംപാക്ട് സ്റ്റാർട്ടപ്പായി ഐറാലൂം മാറി
ഹോബിയെ ബിസിനസ് ആക്കി
ചെറുപ്പം മുതലെ പെയിന്റിംഗ് ഇഷ്ടമായിരുന്നു. ജോലി ചെയ്യുന്ന സമയത്ത് പെയിന്റിംഗും കസ്റ്റമെെസ്ഡ് ഗിഫ്റ്റുകളും വിറ്റതിലൂടെയാണ് പുതിയ സ്റ്റാർട്ട് ആപ്പ് തുടങ്ങാൻ തീരുമാനിച്ചത്. 2019ൽ കമ്പനി തുടങ്ങിയപ്പോൾ ഒരു ഹോബിയെ എങ്ങനെ ബിസിനസാക്കാം എന്നായിരുന്നു ചിന്ത.തുടക്കം വളരെ നല്ലതായിരുന്നു. ആ സമയത്ത് പ്ലാസ്റ്റിക് നിരോധിച്ചത് പ്രയോജനം ചെയ്തു. ആദ്യം കമ്പനി തുടങ്ങിയപ്പോൾ ഓഡർ ലഭിച്ചത് മെെക്രോസോഫ്റ്റ് പോലുള്ള കമ്പനികളിൽ നിന്നാണ്. കൊവിഡ് വന്നപ്പോൾ കമ്പനി അടയ്ക്കേണ്ടിവന്നു. ഇപ്പോൾ കമ്പനി തുടങ്ങിയിട്ട് അഞ്ച് വർഷമായി. ഏകദേശം ഒന്നരക്കോടിയുടെ വിറ്റുവരവുണ്ട്. ഇപ്പോൾ കരകൗശല വസ്തുക്കളുടെ ഉപയോഗം കൂട്ടാൻ എഐയുടെ സഹായത്തോടെ കൂടുതൽ ഐഡിയകളും കൊണ്ടുവന്നിട്ടുണ്ട്. സംസ്ഥാനത്ത് പലയിടത്തായി കരകൗശല പണിക്കാരുടെ സംഘം ഐറാലൂമിനായി പ്രവർത്തിക്കുന്നുണ്ട്.ലോകത്ത് എല്ലായിടത്തും ഐറാലൂം അറിയപ്പെടണമെന്നാണ് എന്റെ ആഗ്രഹം. ഇന്ത്യൻ കരകൗശല വസ്തുക്കളെ കുറിച്ച് ലോകത്ത് എവിടെ നിന്ന് തിരഞ്ഞാലും ഐറാലൂമിനെക്കുറിച്ച് ജനങ്ങൾക്ക് അറിയാൻ കഴിയണം.2023 മുതലാണ് കയറ്റുമതി തുടങ്ങിയത്. ഗൾഫ്, അമേരിക്ക, നെതർലാന്റ് തുടങ്ങിയ പല രാജ്യങ്ങളിലേക്കും എല്ലാമാസവും സാധനങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.



