ഗ്രാമീണ തൊഴിലാളികൾക്ക് തൊഴിൽസുരക്ഷ ഉറപ്പാക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രം നടപ്പാക്കുന്ന വിബി-ജി റാം ജി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. പുതിയ നിയമം ഫെഡറൽ തത്ത്വങ്ങൾ ലംഘിക്കുന്നതും സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ ഇടപെടുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമപോരാട്ടം. അതേസമയം, മറ്റ് സംസ്ഥാനങ്ങൾ നിയമം നടപ്പാക്കിയ സാഹചര്യത്തിൽ ജൂലൈ ഒന്നുമുതൽ തെലങ്കാനയിലും ഇത് പ്രാബല്യത്തിൽ കൊണ്ടുവരാൻ മന്ത്രിസഭ അംഗീകാരം നൽകി. സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുന്നതും തൊഴിലുറപ്പിന്റെ നിയമപരമായ അവകാശം ദുർബലപ്പെടുത്തുന്നതുമാണ് പുതിയ നിയമമെന്ന വിമർശനവും ഉയരുന്നുണ്ട്.



