കൊച്ചി: യു.ജി.സി.ചട്ടങ്ങൾ പോലും പാലിക്കാതെ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ പൊതു സർവകലാശാലകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും യു.ജി.സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി സർവകലാശാലയിൽ തുടങ്ങിയ ദ്വിദിന രാജ്യാന്തര ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തിരഞ്ഞെടുക്കപ്പെട്ട നിയമസഭകൾ രൂപീകരിച്ച നിയമങ്ങൾക്കനുസൃതമായാണ് സംസ്ഥാന സർവകലാശാലകൾ പ്രവർത്തിക്കുന്നത്. എന്നാൽ യു.ജി.സിയുടെ നിയന്ത്രണങ്ങൾ ഈ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നു. കേന്ദ്ര സർക്കാരും യുജിസിയും ഇത്തരം നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർവകലാശാലകളുടെ സ്വയംഭരണത്തെയും സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളെയും മാനിക്കുകയും വേണം. അധ്യാപക നിയമനങ്ങൾക്കോ സമാനമായ കാര്യങ്ങൾക്കോ മിനിമം യോഗ്യതകൾ സ്ഥാപിക്കുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല, അത്തരം നിയന്ത്രണങ്ങൾ ഞങ്ങൾ പൂർണ്ണമായും പാലിക്കുന്നു. എന്നിരുന്നാലും, യു. ജി. സി ഈ രീതിയിൽ അതിന്റെ അതിരുകൾ ലംഘിക്കുന്നത് അസ്വീകാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.



