അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ 35 രാജ്യക്കാരായ ആയിരത്തിലേറെ ആരോഗ്യപ്രവർത്തകർ 20 മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെ 250 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കൂറ്റൻ പൂക്കളം ഒരുക്കി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ചിത്രം ഉൾപ്പെടുത്തിയ പൂക്കളത്തിൽ പരമ്പരാഗത ഒട്ടകയാത്ര മുതൽ ആധുനിക ഇത്തിഹാദ് റെയിൽ വരെയുള്ള യുഎഇയുടെ വികസനവും ആവിഷ്കരിച്ചു. മലയാളി നഴ്‌സുമാരുടെയും ജീവനക്കാരുടെയും ആശയത്തിന് വിദേശ സഹപ്രവർത്തകരും പിന്തുണ നൽകിയതോടെ ആഘോഷം രാജ്യാന്തര സംഗമമായി മാറി. തിരുവാതിരയും ഓണക്കളികളും ഉൾപ്പെടെ വിവിധ പരിപാടികളും അരങ്ങേറി. രാജ്യത്തിന്റെ നേതൃത്വത്തോടുള്ള ആദരവും സാംസ്കാരിക ഐക്യവും പ്രകടിപ്പിച്ച ഈ പൂക്കളം അന്യനാട്ടിലും ഓണത്തിന്റെ മനോഹാരിത പകർന്നുനൽകുന്ന വേറിട്ട കാഴ്ചയായി.



