ദിലീഷ് പോത്തന്‍, ജാഫര്‍ ഇടുക്കി, ദേവദര്‍ശിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് അം അഃ. 24-ാം തീയതി ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് ചിത്രത്തിന്‍റെ ദൈര്‍ഘ്യം കുറച്ചിരിക്കുകയാണ് അണിയറക്കാര്‍. ഒരു മണിക്കൂർ 55 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്നതിൽ നിന്നും 7 മിനിറ്റാണ് ഇപ്പോൾ വീണ്ടും അണിയറ പ്രവർത്തകർ കുറച്ചിരിക്കുന്നത്. ദൈർഘ്യം കുറച്ച പുതിയ പതിപ്പ് ഒന്നു രണ്ടു ദിവസത്തിനുള്ളിൽ തീയറ്ററുകളിലെത്തും.ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച ഒരു കഥ പറഞ്ഞുവച്ചുവെന്ന രീതിയില്‍ തീയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രമാണിത്. ഇടുക്കിയിലെ ഒറ്റപ്പെട്ട ഒരു മലയോര ഗ്രാമത്തിലെ കുറച്ച് മനുഷ്യരിലൂടെയാണ് ‘അം അഃ’ യുടെ കഥ പറഞ്ഞു പോകുന്നത്. റോഡുപണിയ്ക്കായി വരുന്ന സൂപ്പർവൈസർ സ്റ്റീഫനും അയാളുടെ വരവോടെ നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിലുള്ളത്. സസ്പെൻസിന്റെയും വൈകാരികതയുടേയും അകമ്പടിയിലാണ് തോമസ് സെബാസ്റ്റ്യനും കൂട്ടരും ചിത്രം ആവിഷ്ക്കരിച്ചിരിക്കുന്നത്.ഇമോഷണലായി തുടങ്ങുന്ന ചിത്രം പതിയെ സസ്പെൻസ് മൂഡിലേക്ക് മാറുന്നുണ്ട്. ഫീൽ ഗുഡ് എന്ന് തുടക്കത്തിൽ തോന്നിക്കുമെങ്കിലും ഒരു ഘട്ടത്തിൽ ആളുകളെ പിടിച്ചിരുത്തുന്ന രീതിയിലുള്ള സസ്പെൻസ് രീതിയിലേക്ക് ‘അം അഃ’ പ്രവേശിക്കുന്നു. പിന്നീട് ഇമോഷനും സസ്പെൻസും ഇടവിട്ടിടവിട്ട് വരുന്നുണ്ട്. ഇടയ്ക്ക് സസ്പെൻസിനുമേൽ വൈകാരികത ആധിപത്യം സ്ഥാപിക്കുന്നുമുണ്ട്.



