സൗദി അറേബ്യയിലെ നിയോം പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ വരയൻ കഴുതപ്പുലിയുടെ ആദ്യ ജനനം രേഖപ്പെടുത്തി. നാഷനൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് ഡെവലപ്‌മെന്റും നിയോമും സംയുക്തമായി നടപ്പാക്കുന്ന വന്യജീവി പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് ഈ നേട്ടം. 2025 നവംബറിൽ നാല് വരയൻ കഴുതപ്പുലികളെ സംരക്ഷണ കേന്ദ്രത്തിൽ തുറന്നുവിട്ടിരുന്നു. ജിപിഎസ് ട്രാക്കിങ് കോളറുകളും ഫീൽഡ് കാമറകളും ഉപയോഗിച്ച് ഇവയുടെ ചലനങ്ങളും സ്വാഭാവിക പെരുമാറ്റങ്ങളും നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് പെൺകഴുതപ്പുലി കുഞ്ഞിനൊപ്പം മാളത്തിൽനിന്ന് പുറത്തുവരുന്ന അപൂർവ ദൃശ്യം ഗവേഷകർ പകർത്തിയത്. പുനരധിവാസവും പ്രജനന പദ്ധതികളും വിജയകരമായി മുന്നേറുന്നതിന്റെ നിർണായക സൂചനയായാണ് ഈ ജനനത്തെ അധികൃതർ വിലയിരുത്തുന്നത്.



