ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ പിണറായി സര്‍ക്കാരിന് അക്ഷരാർത്ഥത്തിൽ അപ്രതീക്ഷിത തിരിച്ചടിയാണ്. കോടതിയില്‍ ‘മൗനം’ വിദ്വാന് ഭൂഷണം എന്ന ലൈനില്‍ തടിതപ്പാന്‍ നോക്കിയ സര്‍ക്കാരിനെ സ്വന്തം അഭിഭാഷകന്‍ തന്നെ വെട്ടിലാക്കി. നോഡല്‍ ഓഫീസറെ നിയമിക്കുന്നതിനിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ നടത്തിയ വെളിപ്പെടുത്തല്‍ ഭരണകൂടത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അതേസമയം, ആറുവര്‍ഷമായി പറയാന്‍ ബാക്കിവെച്ചത് അക്കമിട്ടു നിരത്തി കേന്ദ്ര സര്‍ക്കാര്‍ ശബരിമലയിലെ വിശ്വാസികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്ന കാഴ്ചയാണ് ഇന്ന് ഡെല്‍ഹിയില്‍ കണ്ടത്.
ഭാരതീയ ജനത പാർട്ടി (ബിജെപി) ശബരിമല ആചാരസംരക്ഷണ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മുമ്പ് സമർപ്പിച്ച സത്യവാങ്മൂലം തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ആവശ്യപ്പെട്ടു. ശബരിമലയിലെ ആചാരങ്ങൾ തകർക്കാൻ സർക്കാർ പ്രവർത്തിച്ചുവെന്നും, ആചാരസംരക്ഷണ സമരത്തിൽ പങ്കെടുത്ത ഭക്തർക്കെതിരെ എടുത്ത ആയിരക്കണക്കിന് കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനൊപ്പം, സിപിഎം–കോൺഗ്രസ് കൂട്ടുകെട്ടിന്റെ നേതൃത്വത്തിൽ നടന്നുവെന്നാരോപിക്കുന്ന സ്വർണ്ണക്കൊള്ള കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അന്വേഷിക്കണമെന്ന് സർക്കാർ നടപടി എടുക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു. ഈ മൂന്ന് ആവശ്യങ്ങളും കേരളസമൂഹത്തിന് മുന്നിൽ ഉയർത്താൻ പാർട്ടി ഇലക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തുടനീളം ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനം എടുത്തു.
ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച മുൻവിധിയുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കൽ പൂർത്തിയാക്കാൻ സുപ്രീം കോടതി ഏപ്രിൽ 7 മുതൽ ഏപ്രിൽ 22 വരെ രണ്ടാഴ്ച സമയം അനുവദിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് ഒമ്പതംഗ ബെഞ്ചിലേക്ക് മാറ്റിയത്.



