റഷ്യൻ പൊതുമേഖലാ കമ്പനിയായ റോസ്നെഫ്റ്റുമായി 10 വർഷത്തെ ദീർഘകാല കരാറിൽ ഏർപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസ്. ഇപ്പോഴത്തെ ക്രൂഡ് ഓയിൽ വില കണക്കാക്കുമ്പോൾ ഇത് വാർഷികാടിസ്ഥാനത്തിൽ 13 ബില്യൺ ഡോളറിന്റെ കരാറാണ്. ഇന്ത്യയും റഷ്യയും തമ്മിൽ ഊർജ്ജ മേഖലയിലുള്ള ഏറ്റവും വലിയ സഹകരണമാണിത്. പ്രതിദിനം, ഏകദേശം 500,000 ബാരൽ ക്രൂഡ് ഓയിൽ എന്ന തോതിലാണ് റോസ്നെഫ്റ്റിൽ നിന്ന് റിലയൻസ് ഇറക്കുമതി നടത്തുക. അതേ സമയം ഈ കരാർ, ഇന്ത്യയിലേക്ക് ക്രൂഡ് സപ്ലൈ നടത്തുന്ന പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് വിപണിയിൽ വെല്ലുവിളി സൃഷ്ടിച്ചേക്കുമെന്നും വിലയിരുത്തലുണ്ട്.ആഗോള തലത്തിൽ നടക്കുന്ന ക്രൂഡ് സപ്ലൈയുടെ 0.5% എന്ന തോതിലാണ് റിലയൻസ് ഇറക്കുമതി നടത്തുക. കൂടാതെ ഇത് റോസ്നെഫ്റ്റിന്റെ ആകെ ഇന്ധന കയറ്റുമതിുടെ 50% എന്ന തോതാണ്. റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയതിന് ശേഷം 2022 മുതൽ തുടർച്ചയായ മാസങ്ങളിൽ ഇന്ത്യ റഷ്യൻ ഇന്ധനം ഇറക്കുമതി നടത്തിയിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചതോടെ മറ്റ് ഉപയോക്താക്കളെ കണ്ടെത്താൻ റഷ്യ ശ്രമിച്ചിരുന്നു. ഡിസ്കൗണ്ട് നിരക്കിൽ ഇന്ധനം ലഭിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചും നേട്ടമായി മാറി. ഒരു ബാരലിന് 3-4 ഡോളർ കിഴിവിലാണ് ഇന്ത്യയ്ക്ക് റഷ്യൻ ക്രൂഡ് ലഭിക്കുന്നത്.പുതിയ കരാർ, OPEC+ അംഗരാജ്യങ്ങൾക്കിടയിൽ അസ്വാരസ്യമുണ്ടാക്കുമെന്നും നിരീക്ഷണങ്ങളുണ്ട്. ഗൾഫ് രാജ്യങ്ങളുടെ ഇന്ത്യയിലെ വിപണി വിഹിതം റഷ്യ കയ്യടക്കുന്നതിനെ മറ്റ് രാജ്യങ്ങൾ എതിർത്തേക്കും. ആഗോള ക്രൂഡ് ഓയിൽ വിപണിയിൽ വലിയ വളർച്ചാ സാധ്യതയുള്ള വിപണിയാണ് ഇന്ത്യയുടേത് എന്നതാണ് കാരണം. ഇന്ത്യയുടെ ഓയിൽ ഡിമാൻഡിന്റെ വലിയ ഒരു ഭാഗം പുതിയ കരാറിലൂടെ ലഭിക്കും. ഇതിനാൽത്തന്നെ പരമ്പരാഗതമായി ഇന്ത്യയിലേക്ക് കൂടുതൽ ക്രൂഡ് ഓയിൽ കയറ്റുമതി നടത്തിയിരുന്ന സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങൾ വലിയ വിപണി മത്സരം നേരിടേണ്ടി വരും.



