പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്ക് നേരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. വടക്കന്തറയിൽ സ്ഥാനാർത്ഥി പര്യടനം നടത്തുന്നതിനിടെയാണ് ഒരു സംഘം ബിജെപി പ്രവർത്തകർ പിഷാരടിയെ തടഞ്ഞുവെച്ചത്. ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.ബിജെപിയുടെ ശക്തികേന്ദ്രമായ വടക്കന്തറയിൽ വോട്ട് ചോദിക്കാൻ വരേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു പ്രവർത്തകർ സ്ഥാനാർത്ഥിയെ തടഞ്ഞത്. ഇത് മണ്ഡലത്തിലെ യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വലിയ വാക്കുതർക്കത്തിന് കാരണമായി. ബിജെപി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പ്രചാരണം പൂർത്തിയാക്കാൻ കഴിയാതെ രമേശ് പിഷാരടി അവിടെ നിന്ന് മടങ്ങുകയായിരുന്നു.



