പാലക്കാട് വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ശോഭ സുരേന്ദ്രന് പിന്തുണയുമായി തൃക്കാക്കര എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ രംഗത്തെത്തി.പാലക്കാട് വോട്ടിന് പണം നൽകിയെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടതായി അഖിൽ പറഞ്ഞു. “ലോകത്ത് ആരെങ്കിലും പണം കൊടുത്ത് വോട്ട് നേടുന്നത് പരസ്യമായി ചെയ്യുന്നുണ്ടോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീടുകളിലേക്ക് പോകുമ്പോൾ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ കാണുമ്പോൾ സഹായിക്കണമെന്ന തോന്നൽ ഉണ്ടാകാറുണ്ടെന്നും, എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് അങ്ങനെ ചെയ്യാൻ പാടില്ലെന്ന് പാർട്ടി നേതാക്കൾ പറയുന്നത് ദേഷ്യം ഉണ്ടാക്കുന്നതായും അഖിൽ വ്യക്തമാക്കി. “ദുരിതം പറഞ്ഞ് കരയുന്ന ഒരു കുടുംബത്തോട് വോട്ട് ചോദിച്ച് ഇറങ്ങിപ്പോകുന്നത് മനസാക്ഷിക്ക് എളുപ്പമല്ല” എന്നും അദ്ദേഹം പറഞ്ഞു.വിശക്കുന്നവന് ഭക്ഷണം നൽകാനാണ് താൻ പഠിച്ചതെന്നും, ഒരാൾ തന്റെ വിഷമം പങ്കുവെക്കുമ്പോൾ ഉപദേശം നൽകുന്നതിന് പകരം അതിന് പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്നും അഖിൽ കൂട്ടിച്ചേർത്തു. ദുരിതം പറഞ്ഞ ഒരാളെ സഹായിച്ചതിനെ കുറ്റമായി കാണുന്ന സാഹചര്യം ഉണ്ടാകുന്നുവെങ്കിൽ, അതിന് കാരണക്കാർ ഇതുവരെ ജനങ്ങളുടെ ദുരിതം ഉപയോഗിച്ച് രാഷ്ട്രീയ ലാഭം നേടിയ ഇടതും കോൺഗ്രസ്സുമാണെന്നും അദ്ദേഹം ആരോപിച്ചു. “നിയമം തെറ്റുകാരിയാക്കുമായിരിക്കും, പക്ഷേ നീതി അതിനെ ശരിവയ്ക്കും” എന്നും അഖിൽ പറഞ്ഞു.ശോഭ സുരേന്ദ്രൻ പാലക്കാട് ജനങ്ങളുടെ ശബ്ദമായി നിയമസഭയിൽ എത്തണമെന്ന ആഗ്രഹവും അഖിൽ പ്രകടിപ്പിച്ചു.അതേസമയം, ശോഭ സുരേന്ദ്രനൊപ്പം എത്തിയ വനിതാ പ്രവർത്തക ഒരു വയോധികയ്ക്ക് വീട്ടിലെത്തി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ പകർത്തിയ കോൺഗ്രസ് പ്രവർത്തകനെ ശോഭ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്.ഈ സംഭവത്തെ തുടർന്ന് പൊലീസ് കേസെടുത്തു. പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് എഫ്.ഐ.ആർ. പറയുന്നത്. എൻഡിഎ പ്രവർത്തകരെ പ്രതികളാക്കി പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡിന്റെ പരാതിയിലാണ് നടപടി.



