നെടുമ്പാശേരിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ തീപിടിത്തം ഉണ്ടായത് കഫറ്റീരിയയിലെ പുകക്കുഴലിൽനിന്ന് ഉയർന്ന തീപ്പൊരി സമീപത്തെ മരത്തിലേക്ക് പടർന്നതിനെ തുടർന്നാണ്. മരം കത്തുന്നത് ജീവനക്കാർ തുടക്കത്തിൽ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് തീ മരത്തിൽനിന്ന് ഹോട്ടൽ കെട്ടിടത്തിലേക്ക് പടരുന്നത് കണ്ടതോടെ ജീവനക്കാരും ഉപഭോക്താക്കളും ഉടൻ പുറത്തേക്ക് ഓടി. ഇതോടെ വലിയ അപകടവും ആളപായവും ഒഴിവായി. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ തുടക്കം തന്നെ ശ്രദ്ധയിൽപ്പെടാതിരുന്നത് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയായാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.



