ന്യൂഡൽഹി: പുതുവർഷത്തിൽ നാവികസേനയ്ക്ക് കരുത്തായി രണ്ട് യുദ്ധക്കപ്പലുകളും ഒരു അന്തർവാഹിനിയുമെത്തുന്നു. ജനുവരിയിൽ ഇവയുടെ കമ്മീഷനിങ് നടക്കുമെന്നാണ് ഒടുവിൽ വന്ന റിപ്പോർട്ടുകൾ. മിസൈൽ നശീകരണ കപ്പലായ ഐഎൻഎസ് സൂറത്ത് , സ്റ്റെൽത്ത് യുദ്ധക്കപ്പലായ ഐഎൻഎസ് നീലഗിരി തുടങ്ങിയവയാണ് കമ്മീഷൻ ചെയ്യുന്ന കപ്പലുകൾ. 7400 ടൺ കേവ് ഭാരമുള്ള കപ്പലാണ് സൂറത്ത് . നീലഗിരിക്ക് 6670 ടൺ ഭാരമാണുള്ളത്. ഇതിനൊപ്പം കമ്മീഷൻ ചെയ്യുന്ന അന്തർവാഹിനി ഐഎൻഎസ് വാഗ്ഷീർ ആണ്. ഡീസൽ ഇലക്ട്രിക് എൻജിനിൽ പ്രവർത്തിക്കുന്ന വാഗ്ഷീറിന് 1600 ടൺ ആണ് ഭാരം. ഇവ മൂന്നും അത്യാധുനിക സെൻസറുകളും ആയുധങ്ങളും വഹിക്കാൻ ശേഷിയുള്ളവയാണ്.മുംബൈയിലെ മസഗോൺ ഡോക്സ് ലിമിറ്റഡാണ് യുദ്ധക്കപ്പലുകൾ നിർമിച്ചത്. കഴിഞ്ഞ ആഴ്ച ഇവ നാവികസേനയ്ക്ക് കൈമാറിയിരുന്നു. പ്രോജക്ട് 15ബി പദ്ധതിയുടെ ഭാഗമായി നിർമിച്ച നാലാമത്തെ യുദ്ധക്കപ്പലാണ് ഐഎൻഎസ് സൂറത്ത് . ഐഎൻഎസ് വിശാഖപട്ടണം, ഐഎൻഎസ് മോർമുഗാവ്, ഐഎൻഎസ് ഇംഫാൽ എന്നിവയാണ് ഈ പ്രോജക്ടിന്റെ ഭാഗമായി നിലവിൽ നാവികസേനയുടെ കൈവശമുള്ളത്. 3500 കോടിരൂപയുടെ പദ്ധതിയാണ് പ്രോജക്ട് 15ബി. നാവികസേനയുടെ ആദ്യത്തെ എഐ സാങ്കേിതവിദ്യ ഉപയോഗപ്പെടുത്തുന്ന യുദ്ധക്കപ്പലുകൂടിയാണ് ഐഎൻഎസ് സൂറത്ത് എന്ന സവിശേഷതകൂടിയുണ്ട്.പ്രോജക്ട് 17എ എന്ന പദ്ധതിയുടെ ഭാഗമായി നിർമിച്ച കപ്പലാണ് നീലഗിരി. ഏഴ് മൾട്ടിറോൾ സ്റ്റെൽത്ത് ഫ്രിഗേറ്റുകൾ നിർമിക്കാനുള്ള പദ്ധതിയാണ് പ്രോജക്ട് 17എ. ഈ പദ്ധതിയിലെ ആദ്യത്തെ കപ്പലാണ് നീലഗിരി. ഈ പദ്ധതിയിലെ ബാക്കി മൂന്നെണ്ണം മസഗോൺ ഡോക്സിലും മറ്റ് മൂന്നെണ്ണം കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സും ആണ് നിർമിക്കുന്നത്. 45000 കോടി രൂപയുടേതാണ് പദ്ധതി. എതിരാളിയുടെ റഡാർ കണ്ണുകളിൽ പതിയാതെ ആക്രമണം നടത്താനുള്ള സാങ്കേതികവിദ്യകളുൾപ്പെടുന്ന കപ്പലുകളാണ് പ്രോജക്ട് 17എയുടെ ഭാഗമായി നിർമിക്കുന്നത്. 2026 ആകുമ്പോഴേക്കും ബാക്കിയുള്ള കപ്പലുകൾ കൂടി സേനയുടെ ഭാഗമാകും.



