യു എസ് -ഇറാൻ ധാരണയെ തുടർന്ന് ഹോർമൂസ് കടലിടുക്ക് വഴി കപ്പൽഗതാഗതം ക്രമേണ സാധാരണ നിലയിലേക്കു മടങ്ങുന്നു. മൂന്ന് മാസത്തിലേറെയായി പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കുടുങ്ങിക്കിടന്ന 62,370 മെട്രിക് ടൺ എൽഎൻജിയുമായി ഇന്ത്യൻ കപ്പൽ ദിഷ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തിച്ചേരും. ഇതോടെ ഹോർമൂസ് മേഖലയിലുണ്ടായിരുന്ന ഇന്ധനവും രാസവളവും വഹിക്കുന്ന 34 ഇന്ത്യൻ കപ്പലുകൾക്കും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് വഴിയൊരുങ്ങി. കപ്പലുകളുടെ സുരക്ഷ കേന്ദ്രസർക്കാർ നിരന്തരം നിരീക്ഷിച്ചുവരികയാണ്. ദിഷയുടെ സുരക്ഷിത യാത്ര ഇന്ത്യയുടെ ഊർജവിതരണ പ്രതിസന്ധിക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷയും ഉയർന്നിട്ടുണ്ട്.



