കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്റെയും കന്നഡ സിനിമയുടെയും തലവര മാറ്റിയ നടനാണ് യാഷ്. മലയാളികൾ അടക്കം റോക്കി ഭായ് എന്ന് വിശേഷിപ്പിക്കുന്ന യാഷിന്റെ പുതിയ ചിത്രം മലയാളികളുടെ പ്രിയ താരം ഗീതു മോഹൻദാസിനൊപ്പമാണ്. ഗീതു സംവിധാനം ചെയ്യുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രമായ ടോക്സിക്കിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ അവസരത്തിൽ സിനിമയുമായി ബന്ധപ്പെട്ടൊരു വലിയ അപ്ഡേറ്റ് പുറത്തുവരികയാണ്. ടോക്സിക് പാൻ ഇന്ത്യ അല്ല പാൻ വേൾഡ് ആയിട്ടാകും റിലീസ് ചെയ്യുക എന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. കന്നഡയ്ക്ക് പുറമെ ചിത്രം ഇംഗ്ലീഷ് ഭാഷയിലും പുറത്തിറങ്ങുമെന്നാണ് പറയപ്പെടുന്നത്. കഥയ്ക്ക് ആഗോള സ്വഭാവം ഉണ്ടെന്നും അതിനാലാണ് ഇംഗ്ലീഷിൽ കൂടി എടുക്കുന്നതെന്നുമാണ് വിവരം. കൂടാതെ ഇന്ത്യൻ, അന്തർദേശീയ ഭാഷകളിലേക്കും ടോക്സിക് ഡബ്ബ് ചെയ്ത് പ്രദർശനത്തിന് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.



