ന്യൂഡൽഹി: വിവിധ കാരണങ്ങളാൽ ദേശീയപാതകളിലെ ടോൾ പ്ലാസകളിലൂടെ കടന്നുപോകുമ്പോൾ ടോൾ അടയ്ക്കാൻ കഴിയാത്ത ഹൈവേ ഉപയോക്താക്കൾക്ക് ആശ്വാസകരമായ പുതിയ നടപടിയുമായി കേന്ദ്ര സർക്കാർ. ഫാസ്റ്റ് ടാഗിലെ സാങ്കേതിക തകരാറുകൾ, അക്കൗണ്ടിലെ ബാലൻസ് കുറവ്, അല്ലെങ്കിൽ ഫാസ്റ്റ് ടാഗ് ഇല്ലാത്തത് തുടങ്ങിയ കാരണങ്ങളാൽ ടോൾ അടയ്ക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഇനി ഉടൻ പിഴ ഈടാക്കുന്നതിന് പകരം ഇ-നോട്ടീസ് നൽകുന്ന സംവിധാനം വരുന്നു.പുതിയ സംവിധാനപ്രകാരം, ടോൾ അടയ്ക്കാൻ പരാജയപ്പെട്ട വാഹന ഉടമയ്ക്ക് ആദ്യം ഇ-നോട്ടീസ് ലഭിക്കും. ഈ നോട്ടീസ് ലഭിച്ച ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ടോൾ തുക അടയ്ക്കാനുള്ള അവസരമാണ് നൽകുന്നത്. ഈ സമയപരിധിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ, ബാധകമായ ടോൾ തുകയുടെ ഇരട്ടി തുക പിഴയായി ഈടാക്കും. അതോടൊപ്പം വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ചില സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനും സാധ്യതയുണ്ട്. ഉടമസ്ഥാവകാശ മാറ്റം, വാഹന കൈമാറ്റം, രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ സേവനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.ടോൾ ചാർജ് അടയ്ക്കാത്തവർക്കുള്ള ഇ-നോട്ടീസ് നടപടിക്രമങ്ങൾ അടുത്ത ദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. കുടിശ്ശികയായ ടോൾ തുക എങ്ങനെ അടയ്ക്കാം, അല്ലെങ്കിൽ അത് സംബന്ധിച്ച് എങ്ങനെ പരാതി നൽകാം തുടങ്ങിയ കാര്യങ്ങളും വിജ്ഞാപനത്തിൽ വിശദീകരിച്ചിരിക്കും.ദേശീയപാതകളിലെ ടോളിംഗ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായാണ് ഈ നടപടി. ഇതിനോടനുബന്ധിച്ച് ദേശീയപാത അതോറിറ്റിയുടെ ഇലക്ട്രോണിക് ടോളിംഗ് ഏജൻസിയായ IHMCL (Indian Highways Management Company Limited) ഹരിയാനയിലെ ഘരൗണ്ട, ഡൽഹിയിലെ മുണ്ട്ക, രാജസ്ഥാനിലെ മനോഹർപുര, ഷാജഹാൻപൂർ, ദൗലത്പുര എന്നിവ ഉൾപ്പെടെ 16 ടോൾ പ്ലാസകളിൽ മൾട്ടി-ലെയിൻ ഫ്രീ ഫ്ലോ (MLFF) ടോളിംഗ് സംവിധാനം നടപ്പാക്കുന്നതിനായി ലേലം വിളിച്ചിട്ടുണ്ട്. പുതിയ സംവിധാനം ഉടൻ തന്നെ പ്രവർത്തനക്ഷമമാകുമെന്നാണ് വിവരം.



