ഡൽഹി പി.ജി കെട്ടിട ദുരന്തം: ഭിത്തി നീക്കം ചെയ്തതും മൂന്ന് ലോഡ് അവശിഷ്ടങ്ങൾ നിറച്ചതും അന്വേഷണത്തിൽ നിർണായക കണ്ടെത്തൽഡൽഹിയിലെ സത്യ നികേതനിൽ അഞ്ച് നിലകളുള്ള പി.ജി കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. കെട്ടിടം തകരുന്നതിന് ഏതാനും ദിവസം മുമ്പ് നവീകരണത്തിന്റെ ഭാഗമായി മൂന്ന് ട്രക്ക് ലോഡ് അവശിഷ്ടങ്ങൾ ബേസ്‌മെന്റിൽ നിക്ഷേപിച്ചതായും, അപകടദിവസം ഗ്രൗണ്ട് ഫ്ലോറിലെ ഒരു ഭിത്തി നീക്കം ചെയ്തതായും അറസ്റ്റിലായ ലേബർ കോൺട്രാക്ടർ സനോജ് കുമാർ പോലീസിനോട് വെളിപ്പെടുത്തി.ഭിത്തി നീക്കം ചെയ്തതോടെ കെട്ടിടത്തിന്റെ ഘടനാപരമായ സ്ഥിരതയെ ബാധിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച ഉച്ചയോടെയാണ് കെട്ടിടം തകർന്നത്. അഞ്ച് വിദ്യാർഥികളും രണ്ട് തൊഴിലാളികളും ഉൾപ്പെടെ ഏഴ് പേർ മരിച്ചു.കെട്ടിട ഉടമ മഹേഷ് ഗുപ്ത, ലേബർ കോൺട്രാക്ടർ സനോജ് കുമാർ, പി.ജി നടത്തിപ്പുകാരൻ സുധാൻഷു ലോവ്നീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.



