യു.പി.ഐ. ഇടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ രാജ്യസഭയിൽ വ്യക്തമാക്കി. ചെറിയ വ്യാപാരികളുടേതടക്കമുള്ള ഭൂരിഭാഗം വ്യാപാരി ഇടപാടുകളും സൗജന്യമായി തുടരും. ചില വിഭാഗം വ്യാപാരികൾക്ക് ഭാവിയിൽ നിരക്ക് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ.) ചട്ടക്കൂട് ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. യു.പി.ഐ. ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നത് യുഎസിൽ നിന്നുള്ള സമ്മർദത്തെ തുടർന്നാണെന്ന സി.പി.എം. അംഗം ജോൺ ബ്രിട്ടാസിന്റെ ആരോപണം നിർമല തള്ളി. സാധാരണക്കാരെ വഞ്ചിച്ച് പരോക്ഷ നികുതി ഏർപ്പെടുത്താനാണ് കേന്ദ്രനീക്കമെന്ന ബ്രിട്ടാസിന്റെ വിമർശനവും അവർ നിഷേധിച്ചു.ബ്രിട്ടാസ് ആരോപണങ്ങൾ ഉന്നയിച്ച ശേഷം തന്റെ മറുപടി കേൾക്കുന്നതിന് മുമ്പ് സഭയിൽനിന്ന് ഇറങ്ങിപ്പോയെന്ന് നിർമല കുറ്റപ്പെടുത്തി. വസ്തുതകളില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും വസ്തുതകൾ വളച്ചൊടിക്കുകയും ചെയ്യുന്നത് കമ്യൂണിസ്റ്റുകാരുടെ രീതിയാണെന്നും മറുപടി കേൾക്കാൻ അവർക്ക് ധൈര്യമില്ലെന്നും മന്ത്രി പരിഹസിച്ചു. യു.പി.ഐ. അവതരിപ്പിച്ച സമയത്ത് മുൻ ധനമന്ത്രി പി. ചിദംബരവും സഖ്യകക്ഷികളും സംവിധാനത്തെ പരിഹസിക്കുകയും ഇന്ത്യയുടെ ഡിജിറ്റൽ ശേഷിയെ ചോദ്യം ചെയ്യുകയും ചെയ്തതായി നിർമല പറഞ്ഞു. എന്നാൽ ഇന്ന് ഇന്ത്യയുടെ യു.പി.ഐ. സംവിധാനം രാജ്യത്തിന് പുറത്തേക്കും വ്യാപിച്ചിട്ടുണ്ടെന്നും 11 രാജ്യങ്ങളിൽ യു.പി.ഐ. ലഭ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.



