ന്യൂഡൽഹി: ചെറുകിട നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റകൃത്യങ്ങളിൽനിന്നൊഴിവാക്കുന്നതും ശിക്ഷ ലഘൂകരിക്കുന്നതും ഉൾപ്പെടെ 79 കേന്ദ്ര നിയമങ്ങളിൽ 784 ഭേദഗതികൾ വരുത്തിക്കൊണ്ടുള്ള ജൻവിശ്വാസ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. ഡ്രൈവിങ് ലൈസൻസ് കാലാവധിതീർന്നാലും 30 ദിവസംവരെ ഉപയോഗിക്കാൻ അനുമതി നൽകുന്നത് ഉൾപ്പെടെ മോട്ടോർവാഹന നിയമത്തിൽമാത്രം 20 ഭേദഗതികളുണ്ട്.784 ഭേദഗതികളിൽ 717 എണ്ണം വ്യാപാരസൗകര്യം വർധിപ്പിക്കാനും 67 എണ്ണം ജനജീവിതം മെച്ചപ്പെടുത്താനുമാണ് കുറ്റവിമുക്തമാക്കുന്നത്. കാലഹരണപ്പെട്ടതും അനാവശ്യമായതുമായ വ്യവസ്ഥകൾ ഒഴിവാക്കി ആയിരത്തിലേറെ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാവിധികൾ ഏകീകരിക്കാനും ബില്ലിൽ നിർദേശിക്കുന്നു.ജനങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിനൊപ്പം സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങളെ സഹായിക്കാൻകൂടിയാണ് ഈ ബില്ലെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.അഴിമതി പ്രോത്സാഹിപ്പിക്കുന്ന ഈ ബിൽ നിയമസംവിധാനത്തെ ദുർബലപ്പെടുത്തുമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അഴിമതിയും വഞ്ചനയും കോർപ്പറേറ്റുകളുടെ നിയമലംഘനങ്ങളും സാധാരണവത്കരിക്കുന്നതാണ് ബില്ലെന്ന് കോൺഗ്രസ് അംഗം കിരൺകുമാർ റെഡ്ഡി പറഞ്ഞു. ബില്ലവതരണത്തെ എതിർത്ത കോൺഗ്രസ് അംഗം കെ. കാവ്യ കൊണ്ടുവന്ന ഭേദഗതികൾ സഭ വോട്ടിനിട്ട് തള്ളി.



