ബ്രിസ്‌ബേന്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം പോരാട്ടത്തിന് ബ്രിസ്‌ബേനിലെ ഗബ്ബ സ്‌റ്റേഡിയത്തില്‍ ഇന്ന് തുടക്കം. ഓസ്‌ട്രേലിയന്‍ ടീമിന്റെ ശക്തി കേന്ദ്രമാണ് ഗബ്ബയിലെ പിച്ച്. ഇവിടെ നടന്ന ടെസ്റ്റുകളില്‍ കംഗാരുപ്പട ഒരു ടീമിനോട് മാത്രമേ തോറ്റിട്ടുള്ളൂ 2021ല്‍ ഭാരതത്തിനോട്. 2020-21 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഭാരതം 2-1ന് പരമ്പര ഉറപ്പിച്ച വിജയമായിരുന്നു അത്. അജിങ്ക്യ രഹാനെ നയിച്ച ടീം ആണ് അന്ന് ഭാരതത്തെ വിജയത്തിലേക്ക് നയിച്ചത്. ഇത്തവണ വീണ്ടും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മത്സരത്തിനായി ഗബ്ബയിലിറങ്ങുമ്പോള്‍ ഭാരത സംഘത്തിന് അന്നത്തെ വിജയത്തിന്റെ ആത്മവിശ്വാസം മാത്രമാണ് കൈമതുലായുള്ളത്. രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ ഫുള്‍ ടീം ആയി ഇറങ്ങിയ ഭാരതം അഡ്‌ലെയ്ഡില്‍ രാത്രിയും പകലുമായി നടന്ന രണ്ടാം ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ പരമ്പര 1-1 സമനിലയിലായി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന്റെ ഭാവി തുലാസിലുമായി. ഇതില്‍ നിന്നെല്ലാമുള്ള മുന്നേറ്റം കൂടിയായിരിക്കണം ഭാരതംഇന്ന് തുടങ്ങുന്ന മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.



