തിരുവനന്തപുരം : കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം.കെ.രാഘവൻ എംപി. കേരളത്തിൽ ഭരണത്തിൽ വരിക എളുപ്പമല്ലെന്നും ഉപതെരഞ്ഞെടുപ്പുകൾ വിജയിച്ചതുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കണമെന്നില്ലെന്നും എം.കെ.രാഘവൻ അഭിപ്രായപ്പെട്ടു. ജയിക്കുമെന്ന ആത്മവിശ്വാസം അബദ്ധത്തിലേക്കുള്ള പോക്കാണ്. . പാർട്ടിയിൽ അഴിച്ചുപണിക്കുള്ള സമയമായി. ഗ്രൂപ്പ് വീതം വയ്പ്പ് അവസാനിപ്പിച്ച് അർഹരെ കൊണ്ടുവരണം. തദ്ദേശ തെരഞ്ഞെടുപ്പ് വരാൻ പോകുകയാണ്. യുഡിഎഫ് ശക്തമായി തിരിച്ച് വരേണ്ട തിരഞ്ഞെടുപ്പാണത്. നിലവിൽ ഫോക്കസ് ചെയ്യേണ്ടത് തദ്ദേശ തെരഞ്ഞെടുപ്പിലാണ്. എങ്ങനെ തിരിച്ച് വരണമെന്ന് കണക്ക് കൂട്ടണം. അതിന് എല്ലാവരും ഒന്നിച്ച് നിൽക്കണം. നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും ഹോം വക്കുണ്ടായില്ലെങ്കിൽ അനുകൂലമാകണമെന്നില്ല. ഇപ്പോഴുണ്ടായ ഉപതെരഞ്ഞെടുപ്പ് ജയം കൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും ജയിക്കുമെന്ന് വിലയിരുത്തിയാൽ അത് അബദ്ധത്തിലേക്കുളള പോക്കായി മാറും. 2021 ൽ പിണറായി വിജയൻ 99 സീറ്റെടുത്ത് വിജയിച്ചുവെന്ന് നമ്മളോർക്കണം. കേരളാ രാഷ്ട്രീയത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ബിജെപിയെ നമ്മൾ ഭയക്കേണ്ട സാഹചര്യമുണ്ട്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഒന്നിച്ച് പോകണം. സംഘടനാ രംഗത്ത് മാറ്റം വേണം. അർഹതപ്പെട്ടവരെത്തണം. അഴിച്ചുപണി വേണം. എന്റെയാൾ നിന്റെയാളെന്ന രീതിയിൽ നിന്നും കോൺഗ്രസ് മാറണമെന്നും രാഘവൻ ആവശ്യപ്പെട്ടു.
