മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബസൂക്കയുടെ പുതിയ റിലീസ് തിയതി എത്തി. ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും. റിലീസ് വിവരം പങ്കുവച്ച് കൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. നേരത്തെ ഫെബ്രുവരി 14ന് ബസൂക്ക റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇതിപ്പോൾ മാറ്റിയിരിക്കുകയാണ്. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. അദ്ദേഹം തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയ്ക്ക് ഒപ്പം ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്ഫടികം ജോർജ്, ദിവ്യാ പിള്ള, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ബസൂക്കയില്‍ അഭിനയിക്കുന്നുണ്ട്. നിമേഷ് രവി ആണ് ഛായാഗ്രാഹണം. യോഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.



