ദില്ലി: ദില്ലിയിലെ പ്രസിദ്ധമായ കോണാട് പ്ലേസിലെ ഡിജിറ്റല്‍ പരസ്യ ബോര്‍ഡില്‍ അശ്ലീല ദൃശ്യം തെളിഞ്ഞതില്‍ പൊലീസ് അന്വേഷണം. സംഭവത്തില്‍ ഐടി ആക്ട് പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത വിവരം ദില്ലി പൊലീസ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മാർക്കറ്റിലെ എല്‍ഇഡി പരസ്യ ബോര്‍ഡില്‍ വ്യാഴാഴ്ച രാത്രിയാണ് അശ്ലീല വീഡിയോ പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഏതാനും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. സംഭവം നടന്നതിന് ശേഷം ബന്ധപ്പെട്ട അധികൃതരുടെ സഹായത്തോടെ വീഡിയോ നീക്കം ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ ന്യൂ ദില്ലി മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രതിരോധത്തിലായിരുന്നു. പരസ്യങ്ങളുടെ ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സി ഉടനടി പരസ്യ ബോര്‍ഡിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. സംഭവത്തില്‍ ദില്ലി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആരെങ്കിലും ഹാക്ക് ചെയ്ത് പരസ്യ ബോര്‍ഡില്‍ അശ്ലീല വീഡിയോ ചേര്‍ത്തതാണോ എന്ന് സംശയിക്കുന്നുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട ആളുകളെ അറസ്റ്റ് ചെയ്യാൻ അന്വേഷണം തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ക്രീൻ "ഹാക്ക്" ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് എൻഡിഎംസി പറഞ്ഞു. എന്നാൽ ഇത്തരമൊരു തകരാർ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ബിഹാറിൽ സമാനമായ ഒരു സംഭവം ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്.



