മൂവാറ്റുപുഴയിൽ ഉൾപ്പെടെ സംസ്ഥാനത്തെ നിർമാണ മേഖല കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്നു. ബംഗാളിലേക്കും അസമിലേക്കും മടങ്ങിയ അതിഥിത്തൊഴിലാളികളിൽ 40 ശതമാനം പേർ മാത്രമാണ് തിരിച്ചെത്തിയത്. ഉത്തരേന്ത്യയിൽ വിളവെടുപ്പ് സീസണും പുതിയ തൊഴിലവസരങ്ങളും വർധിച്ചതോടെ കേരളത്തിലേക്കുള്ള തൊഴിലാളികളുടെ ഒഴുക്ക് കുറഞ്ഞു. ഇതോടെ സർക്കാർ വികസന പദ്ധതികൾ, റോഡ് നിർമാണങ്ങൾ, സ്വകാര്യ കെട്ടിട നിർമാണങ്ങൾ എന്നിവ പലതും വൈകുകയോ സ്തംഭിക്കുകയോ ചെയ്യുന്നു. തൊഴിലാളികളുടെ ലഭ്യതക്കുറവും ഉയർന്ന കൂലിയും ചെറുകിട കരാറുകാരെയും വീടുനിർമാണം നടത്തുന്ന സാധാരണക്കാരെയും സാമ്പത്തികമായി ബാധിക്കുന്ന സാഹചര്യത്തിൽ, ലേബർ ബാങ്കുകൾ സ്ഥാപിച്ച് തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കണമെന്ന് കരാറുകാരുടെ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.



