ദില്ലി: ചായക്ക് 150-രൂപ മുതൽ 250 രൂപ വരെ, സമൂസയ്ക്കും വടയ്ക്കും 350 വരെ, എയര്‍പോര്‍ട്ടുകളിലെ ഭക്ഷണ വില ഇങ്ങനെ ആണെന്നാണ് പൊതുവേയുള്ള വലിയ പരാതി. ഈ കൊള്ളവിലയിൽ വലിയ മാറ്റം ഉണ്ടാകുമെന്ന വിവരമാണ് പാര്‍ലമെന്റിൽ ലഭിച്ച മറുപടിയിൽ നിന്ന് വ്യക്തമാകുന്നത്. ഇപ്പോഴിതാ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഭക്ഷണ വില കുറയ്ക്കാനുള്ള നടപടികൾ പ്രധാനമന്ത്രി ഇടപെട്ട് നടപ്പിലാക്കാൻ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ.ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദ അടുത്തിടെ പാർലമെന്റിൽ ജനങ്ങളുടെ ആശങ്കയെ കുറിച്ച് ഒരു ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് ലഭിച്ച മറുപടിയുമായി അദ്ദേഹം ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചു. തന്റെ പാര്‍ലമെന്റിലെ ശ്രമങ്ങൾ ഫലം കണ്ടുവെന്ന് അദ്ദേഹം വീഡിയോയിൽ അവകാശപ്പെടുന്നു. ‘ഒരു നല്ല വാർത്ത’ ഞങ്ങളുടെ ശബ്ദം അവിടെ കേട്ടു. വിമാനത്താവളങ്ങളിൽ താങ്ങാനാവുന്ന വിലയിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കഫേകൾ ഉടൻ ആരംഭിക്കും. പത്ത് രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സമൂസയും കിട്ടുന്നതായിരിക്കും പുതിയ കഫേയെന്നും ഛദ്ദ വീഡിയോയിൽ പറയുന്നു.



