കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച സിബിഐ കോടതി വിധിക്ക് പിന്നാലെ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും സ്മൃതി മണ്ഡപത്തിൽ പൊട്ടിക്കരഞ്ഞു മാതാപിതാക്കൾ.വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും വിധിയിൽ പൂര്‍ണ തൃപ്തിയില്ലെന്നും കൃപേഷിന്റെയും ശരതലാലിന്റെയും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. സ്മൃതി മണ്ഡപത്തിൽ മുദ്രാവാക്യം വിളിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിധിയെ സ്വാഗതം ചെയ്തത്. ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും സ്മൃതി മണ്ഡപത്തിൽ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തി.ജീവപര്യന്തം കടുത്ത ശിക്ഷയാണെങ്കിൽ കൂടി വധശിക്ഷ ലഭിച്ചില്ല. വിധിയിൽ സന്തോഷമുണ്ട്. എന്നാൽ, പ്രതികളായ എംഎൽഎമാര്‍ക്ക് അഞ്ചു വര്‍ഷത്തെ ശിക്ഷ മാത്രമാണ് ലഭിച്ചത്. മുൻ എംഎൽഎ കെവി കുഞ്ഞിരാമന് അടക്കം ശിക്ഷ കുറഞ്ഞതിൽ പ്രൊസിക്യൂട്ടറുമായി ആലോചിച്ച് അപ്പീൽ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറച്ച് അന്വേഷിക്കും. പൂർണ തൃപ്തിയില്ലെങ്കിൽ കൂടി ഇരട്ട ജീവപര്യന്തം ലഭിച്ചത് ആശ്വാസകരമാണെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.



