തന്റെ ജീവിതത്തിൽ സന്തോഷം പുനഃസ്ഥാപിക്കുന്നതിൽ നടൻ വിജയ് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് നടനും സംവിധായകനുമായ നാസർ. കോമയിൽ കഴിഞ്ഞിരുന്ന തന്റെ മകൻ നൂറുൾ ഹസൻ ഫൈസൽ പഴയ സ്ഥിതിയിലേക്ക് തിരിച്ചുവരാൻ കാരണമായത് വിജയ് അഭിനയിച്ച ചിത്രങ്ങളും പാട്ടുകളും കണ്ടിട്ടാണെന്ന് അദ്ദേഹം പറഞ്ഞു. നൂറുൾ ഹസൻ ഒരു വലിയ വിജയ് ഫാനാണെന്നും ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.അറിയാൻ സാധിക്കാത്ത ചില കാരണങ്ങൾ കൊണ്ട് തന്റെ മകൻ നൂറുൾ ഹസൻ 14 ദിവസം കോമയിലായിപ്പോയെന്ന് നാസർ പറഞ്ഞു. അവനെ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയി. ചികിത്സ കഴിഞ്ഞ് അവൻ ഉണർന്നപ്പോൾ ആദ്യം വിളിച്ചത് അമ്മയെന്നോ അപ്പയെന്നോ ആയിരുന്നില്ല, വിജയ് എന്നായിരുന്നു. അവന് ആ പേരിൽ ഒരു സുഹൃത്തുണ്ട്. അവന്റെ ഓർമ തിരിച്ചുകിട്ടിയതിൽ ഒരുപാട് സന്തോഷിച്ചു. എന്നാൽ ആ സുഹൃത്തിനെ കണ്ടപ്പോൾ നൂറുൾ തിരിച്ചറിയാതെ വെറുതേ നോക്കിക്കൊണ്ടിരുന്നു. അതോടെ തങ്ങളെല്ലാവരും ആശയക്കുഴപ്പത്തിലായെന്നും നാസർ പറഞ്ഞു.”സൈക്കോളജിസ്റ്റ് കൂടിയായ ഭാര്യക്കാണ് അവൻ ഏത് വിജയ്യേയാണ് ഉദ്ദേശിക്കുന്നത് ആദ്യം മനസിലായത്. ഞങ്ങൾ നടൻ വിജയ്യുടെ ചിത്രം കാണിക്കേണ്ട താമസം അവന്റെ കണ്ണുകൾ വിടർന്നു. അതോടെ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളും പാട്ടുകളും നൂറുളിനെ കാണിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇക്കാര്യമറിഞ്ഞ വിജയ് അവനെ കാണാൻ താത്പര്യം പ്രകടിപ്പിച്ചു. കുഴപ്പമില്ലെന്ന് ഞങ്ങൾ പറഞ്ഞെങ്കിലും ഒന്നിൽക്കൂടുതൽ തവണ അവർ തമ്മിൽക്കണ്ടു, ഒപ്പം ചിലവഴിച്ചു.



