സൈനിക രംഗത്ത് അമേരിക്ക ഭാവിയിലെ ഭീഷണിയായി കാണുന്ന രാജ്യമാണ് ചൈന. മുമ്പ് സോവിയറ്റ് യൂണിയനും പിന്നീട് അവരുടെ പിൻഗാമിയായ റഷ്യയുമായിരുന്നു അമേരിക്കയെ സംബന്ധിച്ചിടത്തോളം എതിരാളിയായ രാഷ്ട്രം. എന്നാൽ കാലം മാറിയപ്പോൾ ആ സ്ഥാനത്തേക്ക് ചൈനയുമെത്തി. ഇന്ന് ചൈന സൈനിക സാങ്കേതിക വിദ്യകൾ വളരെ വേഗം വികസിപ്പിക്കുന്ന സാഹചര്യത്തിൽ അവരെ നേരിടാനുതകുന്ന ആയുധങ്ങളുടെ വികസനത്തിലാണ് അമേരിക്ക. ലോകത്ത് ആദ്യമായി അഞ്ചാം തലമുറ യുദ്ധവിമാനം വികസിപ്പിച്ച് ലോകത്തെ ഞെട്ടിച്ച അമേരിക്കയേ പോലും അമ്പരിപ്പിച്ചാണ് ചൈന സ്വന്തമായി സ്റ്റെൽത്ത് സാങ്കേതിക വിദ്യയുള്ള യുദ്ധവിമാനങ്ങൾ നിർമിച്ചത്. റഷ്യയുടെ സ്റ്റെൽത്ത് വിമാനം പോലും ഇതുവരെ പൂർണസജ്ജമായിട്ടില്ല.
ഈ സാഹചര്യത്തിലാണ് ചൈനയെ ഭാവിയിലെ എതിരാളിയായി അമേരിക്ക കണക്കാക്കുന്നത്. അവരെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. അതിന്റെ ഭാഗമായാണ് ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നത്. നെക്സ്റ്റ് ജനറേഷൻ എയർ ഡോമിനൻസ് ( Next Generation Air Dominance- NGAD) എന്ന പേരിലാണ് യുദ്ധവിമാനമൊരുങ്ങുന്നത്. അമേരിക്കൻ കമ്പനിയായ ബോയിങ്, ലോഖീദ് മാർട്ടിൻ എന്നിവരാണ് ഈ യുദ്ധവിമാനത്തിന്റെ വികസനത്തിനായി മുന്നോട്ടുവന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ യുദ്ധവിമാനം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് യു.എസ്. വ്യോമസേന. എന്നാൽ അതിന് വേണ്ടിവരുന്ന ഭീമമായ സാമ്പത്തിക ചെലവിനെ കുറിച്ചാണ് അമേരിക്ക ആശങ്കപ്പെടുന്നത്. ഏതാണ്ട് 25 കോടി ഡോളർ ( 2131.56 കോടി രൂപ) മുതൽ 30 കോടി ഡോളർ ( 2557.88 കോടി രൂപ) വരെയാണ് ഇതിന്റെ വികസനത്തിനായി ചെലവഴിക്കേണ്ടി വരിക എന്നാണ് നിലവിലെ കണക്കുകൂട്ടലുകൾ. അതിനാൽ ഡിസൈനിലടക്കം മാറ്റം വരുത്തി ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക.അമേരിക്കൻ വ്യോമസേനയുടെ എഫ്-22 റാപ്റ്റർ യുദ്ധവിമാനങ്ങൾ കാലഹരണപ്പെടാറായി. അവയുടെ കാലാവധി കഴിയുന്ന മുറയ്ക്ക് സേനയിൽ വിന്യസിക്കാനുദ്ദേശിച്ചാണ് ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്നത്. ഭാവിയുദ്ധങ്ങളിൽ ഡ്രോണുകൾക്ക് വലിയ പ്രാധാന്യമുള്ളതിനാൽ അവയുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലാണ് ഇവയെ വികസിപ്പിക്കുക. നിലവിലെ യുദ്ധവിമാനങ്ങളുടെ എൻജിനുകളിൽ നിന്ന് ആറാം തലമുറ യുദ്ധവിമാന എൻജിന് വ്യത്യാസങ്ങളുണ്ടാകും. മാത്രമല്ല ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനുള്ള വിമാനങ്ങളിലും പുതിയ പരിഷ്കരണങ്ങളാണ് അമേരിക്ക ഉദ്ദേശിക്കുന്നത്. അത്തരം പരിഷ്കരണങ്ങളോട് ചേർന്നുപോകുന്ന യുദ്ധവിമാനം കൂടിയാകും പുതിയവ.
ഈ ഡിസംബറിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കാനായിരുന്നു അമേരിക്കൻ പ്രതിരോധ വൃത്തങ്ങൾ ശ്രമിച്ചത്. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ ത്രസിപ്പിക്കുന്ന വിജയം വന്നതോടെ പുതിയ സർക്കാർ വന്നതിന് ശേഷം മതി തീരുമാനമെന്ന നിലയിലേക്ക് മാറി. പൈലറ്റുമാർ പറത്തുന്ന യുദ്ധവിമാനങ്ങളേക്കാൾ ആളില്ലാ യുദ്ധവിമാനങ്ങൾ കൂടുതൽ വേണമെന്ന പക്ഷക്കാരാണ് ട്രംപും അദ്ദേഹത്തിന്റെ ഉപദേശകരും. അതിനാൽ അടുത്ത തലമുറ യുദ്ധവിമാനങ്ങളുടെ കാര്യത്തിൽ ആശങ്കകളുണ്ട്. പുതിയ സർക്കാർ വരുമ്പോൾ പദ്ധതി തന്നെ വേണ്ടെന്ന് വെയ്ക്കുമോയെന്ന് ഭയക്കുന്നവരുമുണ്ട്.



