കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ക്വാട്ടേഴ്സില്‍ പരാതിക്കാരനായ പ്രശാന്തന് എത്തിയെന്ന് ആരോപിക്കപ്പെടുന്ന ദിവസം ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.എഡിഎം ഓഫീസിൽ നിന്ന് തൻ്റെ ക്വാർട്ടേർസിലേക്ക് നടന്നുപോകുമ്പോൾ പിന്തുടർന്ന് വന്ന സ്കൂട്ടർ യാത്രികൻ എഡിഎമ്മിൻ്റെ അരികിലേക്ക് വാഹനം കൊണ്ടുവന്ന ശേഷം, വേഗത കുറച്ച് എന്തോ സംസാരിച്ച ശേഷം വേഗത്തിൽ പോകുന്നതാണ് ദൃശ്യം. എഡിഎമ്മിനെ പിന്തുടർന്ന സ്കൂട്ടർ യാത്രികൻ പ്രശാന്തനാണ് എന്ന് പൊലീസ് സംശയിക്കുന്നു. ഒക്ടോബർ ആറ് അവധി ദിവസമായിരുന്നു.
പരാതിക്കാരന് ബൈക്കിലും നവീന്‍ ബാബു നടന്നുമാണ് വരുന്നത്. ശേഷം കൃഷ്ണമേനോന് സ്മാരക വനിതാ കോളേജ് റോഡില്‍വെച്ച് ഇരുവരും ഒരേ ദിശയിലേക്ക് നീങ്ങുകയായിരുന്നു. പെട്രോള്‍ പമ്പിന് അനുമതി നല്കാന് തന്റെ കൈയ്യില്‍ നിന്നും പണം വാങ്ങിയെന്നായിരുന്നു പരാതിക്കാരനായ സംരംഭകന് പ്രശാന്ത് ആരോപിച്ചത്. ഒരു ലക്ഷം രൂപ നവീന്‍ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ താന്‍ കൊടുത്തെന്നാണ് പ്രശാന്ത് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നു. പണം തന്നില്ലെങ്കില്‍ പമ്പിന് അനുമതി ലഭിക്കാത്ത തരത്തില്‍ ആക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സംരംഭകന് പറഞ്ഞിരുന്നു. ക്വാട്ടേഴ്സില്‍ വെച്ചാണ് പണം നല്‍കിയത്. ഇക്കാര്യം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയോട് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കാന് ആവശ്യപ്പെട്ടു. ഇതുപ്രകാരം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രശാന്ത് പ്രതികരിച്ചിരുന്നു.



