ഷിരൂരില്‍ തിരച്ചിലിനായുള്ള ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി. ഗോവയില്‍ നിന്നെത്തിച്ച ഡ്രഡ്ജര്‍ ടഗ് ബോട്ടുകളുടെ സഹായത്തോടെയാണ് തീരത്ത് എത്തിച്ചത്. ഇവിടെ നിന്ന് ഡ്രഡ്ജര്‍ ഷിരൂരിലേക്ക് കൊണ്ടുപോകും.കാർവാറിലേക്ക് ഡ്രഡ്ജർ എത്തിക്കാൻ കാറ്റ് അടക്കമുള്ള തടസ്സങ്ങൾ നിലവിൽ ഇല്ല. മത്സ്യത്തൊഴിലാളികൾ കടലിൽ വല വിരിച്ചത് മൂലമുള്ള ചെറിയ തടസ്സം മാത്രമാണുള്ളതെന്നും അത് മാറാൻ കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഷിരൂരിലേക്ക് ടഗ് ബോട്ട് എത്തിക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ഉണ്ടാകും.
ഡ്രഡ്ജര്‍ എത്തുന്നതോടെ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഉടന്‍ ആരംഭിക്കാന്‍ സാധിക്കും. നാളെ പുലര്‍ച്ചെയോടെ തന്നെ ഡ്രഡ്ജര്‍ ഷിരൂരിലെത്തുമെന്നാണ് വിവരം. കാലാവസ്ഥയും അനുകൂലമായത് തിരച്ചിലിന് ഗുണമാകും. ഇന്നലെ പുലര്‍ച്ചെയാണ് ഡ്രഡ്ജര്‍ ഗോവയില്‍ നിന്ന് കാര്‍വാറിലേക്ക് പുറപ്പെട്ടത്. ഷിരൂരിലെ നാലുവരി പാതയിൽ ഒരു ഭാഗത്തെ ഗതാഗതം മാത്രമേ പുനസ്ഥാപിച്ചിട്ടുള്ളൂ. റോഡിലേക്ക് വീണ മണ്ണ് നീക്കുന്നത് അടക്കമുള്ളത് ഇനിയും ചെയ്യാനുണ്ട്. പലയിടത്തും വെള്ളം കുത്തിയൊലിച്ച് വരുന്നത് പ്രതിസന്ധിയാണ്. അതേസമയം ഗംഗാവലി പുഴയിലെ ഒഴുക്ക് പ്രത്യക്ഷത്തിൽ കുറഞ്ഞിട്ടുണ്ട്. ടഗ് ബോട്ടിന് കേടുപാട് വരാതെ ഡ്രഡ്ജർ മെഷീൻ കൊണ്ടുവരാനാണ് ശ്രമം. അതിനായുള്ള ഹൈഡ്രോ ഗ്രാഫിക് സർവ്വെ (സഞ്ചാര പാത) തയ്യാറാക്കിയിട്ടുണ്ട്.



