വാഷിങ്ടൻ∙ ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ യുഎസ് ഗായികയും നടിയുമായ മേരി മിൽബെൻ രൂക്ഷമായി വിമർശിച്ചു. ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി ഉൾപ്പെടെയുള്ള വിമർശകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള എതിർപ്പിന്റെ പേരിലാണ് പരിപാടിയെ എതിർക്കുന്നതെന്ന് മിൽബെൻ എക്സിൽ ആരോപിച്ചു. ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘യൂണിവേഴ്സൽ വൺനസ്’ പരിപാടിയിൽ ഏകദേശം 5,000 പേർ പങ്കെടുക്കും.ഭഗവതിന്റെ പങ്കാളിത്തത്തെയും ആർഎസ്എസിന്റെ ചരിത്രത്തെയും ചൂണ്ടിക്കാട്ടി വിവിധ പ്രാദേശിക സംഘടനകൾ പരിപാടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പരിപാടിയെ പിന്തുണയ്ക്കുന്നില്ലെന്ന് മംദാനിയും വ്യക്തമാക്കിയിരുന്നു. അതേസമയം, നഗരഭരണകൂടത്തിന് പരിപാടി റദ്ദാക്കാനുള്ള അധികാരമില്ലെന്നും തുല്യ അവകാശങ്ങളുള്ള ഇന്ത്യയെക്കുറിച്ചാണ് താൻ കേട്ട് വളർന്നതെന്നും മംദാനി പ്രതികരിച്ചു. 2023ൽ വാഷിങ്ടണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് മുമ്പ് മേരി മിൽബെൻ ഇന്ത്യൻ ദേശീയഗാനം ആലപിച്ചിരുന്നു.



