ഇന്ത്യയിലെ മുൻനിര എസ്‌യുവി നിർമാതാക്കളായ മഹീന്ദ്രയിൽ നിന്ന് സാധാരണ ഉപയോക്താക്കൾക്കുള്ള എസ്‌യുവികളും വാണിജ്യ വാഹനങ്ങളും മാത്രമല്ല പുറത്തിറങ്ങുന്നത്. വിമാനത്താവളങ്ങളിലെ സുരക്ഷ സേന ഉപയോഗിക്കുന്ന മാർക്‌സ്മാൻ മുതൽ ഇന്ത്യൻ സൈന്യത്തിന് വേണ്ടിയുള്ള അർമാഡോ വരെ മഹീന്ദ്രയിൽ നിന്ന് എത്തുന്നവയാണ്. ഈ വാഹനങ്ങളുമായി ബന്ധപ്പെട്ട് ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ എക്‌സ് ഭരിക്കുന്നത്.ഇന്ത്യൻ സൈന്യത്തിനായി മഹീന്ദ്ര നിർമിച്ച അർമാഡോ എന്ന കവചിത വാഹനങ്ങളുടെ പുതിയ ബാച്ച് ട്രെയിനിൽ കൊണ്ട് പോകുന്നതിന്റെ വീഡിയോയാണ് ആനന്ദ് മഹീന്ദ്ര സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. മഹീന്ദ്ര അർമാഡോ റിപ്പോർട്ടിങ് ഫോർ ഡ്യൂട്ടി സാർ എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആറ് ലക്ഷത്തിൽ അധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിരിക്കുന്നത്.മിലിറ്ററി ഗ്രീൻ, കാക്കി എന്നീ നിറങ്ങളിലാണ് ഈ കവചിത വാഹനങ്ങൾ ഒരുങ്ങിയിരിക്കുന്നത്. ഈ വാഹനങ്ങൾ ഗുഡ്‌സ് ട്രെയിനിൽ കൊണ്ടുപോകുന്നതിന്റെ ഒരു സ്‌റ്റേഷനിൽ നിന്ന് പകർത്തിയ വീഡിയോയാണ് അദ്ദേഹം സാമൂഹിക മാധ്യങ്ങളിൽ പങ്കുവെച്ചത്. എന്നാൽ, ഇത് ഏത് സ്റ്റേഷനാണെന്നതിൽ വ്യക്തതയില്ല. നിരവധി ആളുകളാണ് ആനന്ദ് മഹീന്ദ്രയെ അഭിനന്ദിച്ച് ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്ത്യയുടെ സായുധ സേനയ്ക്കായി മഹീന്ദ്ര പ്രദേശികമായി വികസിപ്പിച്ചെടുത്തിട്ടുള്ള ആർമേഡ് ലൈറ്റ് സ്‌പെഷ്യലിസ്റ്റ് വെഹിക്കിളാണ് (എഎൽഎസ്‌വി) ആണ് മഹീന്ദ്ര അർമാഡോ. ഉയർന്ന പ്രദേശങ്ങളിലും അപകട ബാധിത മേഖലകളിലും ഒരുപോലെ പ്രവർത്തിക്കാൻ സാധിക്കുന്ന കരുത്തും ഉയർന്ന സുരക്ഷ സംവിധാനങ്ങളും പേ ലോഡ് കപ്പാസിറ്റിയും നൽകിയാണ് മഹീന്ദ്രയുടെ ഈ എഎൽഎസ്‌വി ഡിസൈൻ ചെയ്തിരിക്കുന്നത്.ബി 7 ബാലസ്റ്റിക്, സ്റ്റാനാഗ് ലെവൽ 2 പ്രൊട്ടക്ഷനാണ് മഹീന്ദ്ര അർമാഡോ എന്ന വാഹനത്തിൽ ഉറപ്പാക്കുന്നത്. അതായത്, ഉയർന്ന ശേഷിയുള്ള സ്‌നൈപ്പർ റൈഫിളുകളിൽ നിന്നുള്ള വെടിയുണ്ടകളെ പോലും പ്രതിരോധിക്കാൻ ഈ വാഹനത്തിന് സാധിക്കും. അതുപോലെ ഗ്രനേഡ് ആക്രമണങ്ങൾ, ലാൻഡ് മൈനുകൾ, 115 മില്ലീമീറ്റർ വരെയുള്ള പീരങ്കി ആക്രമണങ്ങൾ എന്നിവയിൽ നിന്നും സുരക്ഷയൊരുക്കാനുള്ള ശേഷിയും ഈ വാഹനത്തിൽ നൽകിയിട്ടുണ്ട്.3.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 215 ബിഎച്ച്പി പവറും 500 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 4×4 ശേഷിക്കൊപ്പം നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗത കൈവരിക്കാനുള്ള സാധിക്കുന്ന ഈ വാഹനത്തിൽ ഒരു ടൺ പേലോഡിനൊപ്പം എട്ട് പേർക്ക് യാത്ര ചെയ്യാനും സാധിക്കും.



