പെട്രോളിയം മന്ത്രാലയം രാജ്യത്ത് എൽപിജി കരുതൽ ശേഖരം വർദ്ധിപ്പിക്കുന്നതിനായി പൊതു-സ്വകാര്യ റിഫൈനറികൾക്കും അപ്‌സ്ട്രീം കമ്പനികൾക്കുമായി ആദ്യമായി പ്രത്യേക ഉത്പാദന ലക്ഷ്യങ്ങൾ നിശ്ചയിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ഇറക്കുമതിയിലുണ്ടാകുന്ന ആശ്രിതത്വം ഒഴിവാക്കാനും സുരക്ഷിതമായ ആഭ്യന്തര വിതരണം ഉറപ്പാക്കാനുമായി 21 കമ്പനികളോടായി പ്രതിദിനം 63,810 ടൺ എൽപിജി ഉത്പാദിപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും വലിയ വിഹിതമായ 18,000 ടൺ ഉത്പാദിപ്പിക്കേണ്ടത് റിലയൻസ് ഇൻഡസ്ട്രീസിന്റെ ജാംനഗർ റിഫൈനറിയാണ്. കൂടാതെ പൊതുമേഖലാ റിഫൈനറികൾ 31,470 ടണ്ണും, നയാര എനർജി 4,480 ടണ്ണും, ഒഎൻജിസി, ഗെയിൽ തുടങ്ങിയ അപ്‌സ്ട്രീം കമ്പനികൾ 6,460 ടണ്ണും പ്രതിദിനം ഉത്പാദിപ്പിക്കണം. ആവശ്യാനുസരണം നാഫ്തയെ എൽപിജി ആക്കി മാറ്റുന്നതടക്കമുള്ള സാങ്കേതിക വികസനങ്ങളും സംഭരണ-ഗതാഗത സൗകര്യങ്ങളും ഉറപ്പാക്കാൻ മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.



