മധുരയിൽ ജനിച്ച് ചെന്നൈയിൽ വളർന്ന സുന്ദർ പിച്ചൈയുടെ വിജയയാത്രയിൽ നിർണായക പങ്കുവഹിച്ചത് മികച്ച വിദ്യാഭ്യാസ പശ്ചാത്തലമാണ്. ചെന്നൈയിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം ഐ.ഐ.ടി ഖരഗ്പൂരിൽ നിന്ന് മെറ്റലർജിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദം നേടി.തുടർന്ന് ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയ പിച്ചൈ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ എം.എസ് നേടി. പിന്നീട് പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്കൂളിൽ നിന്ന് എം.ബി.എയും പൂർത്തിയാക്കി. അദ്ദേഹത്തിന് സീബൽ സ്കോളർ, പാമർ സ്കോളർ എന്നീ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.2004-ൽ ഗൂഗിളിൽ ചേർന്ന പിച്ചൈ പിന്നീട് ക്രോം ഉൾപ്പെടെയുള്ള പ്രധാന ഉൽപ്പന്നങ്ങളുടെ നേതൃത്വത്തിലേക്ക് ഉയർന്നു. 2015-ൽ ഗൂഗിളിന്റെ സിഇഒയായ അദ്ദേഹം 2019 മുതൽ ആൽഫബെറ്റിന്റെയും സിഇഒയാണ്. ഐ.ഐ.ടി, സ്റ്റാൻഫോർഡ്, വാർട്ടൺ എന്നിവിടങ്ങളിലെ വിദ്യാഭ്യാസവും തുടർച്ചയായ കഠിനാധ്വാനവുമാണ് അദ്ദേഹത്തിന്റെ ആഗോള വിജയത്തിന്റെ പ്രധാന അടിത്തറകളിലൊന്ന്.



