തിരുവനന്തപുരം: പാർലമെന്റിൽ കേരളത്തിന്റെ പേര് ‘കേരളം’ എന്ന് പൂർണമായി അംഗീകരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ‘കേരളം കേരളം… കേളികൊട്ടുയരുന്ന കേരളം’ എന്ന ഗാനം ആലപിച്ചതിന് പിന്നാലെയാണ് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി വിമർശനവുമായി രംഗത്തെത്തിയത്. ഗാനം താൻ രചിച്ചതാണെന്ന് പരാമർശിക്കാതിരുന്നതിനെ ചോദ്യം ചെയ്ത അദ്ദേഹം, വയലാറിന്റെയും ദേവരാജന്റെയും പേരുകൾ പരാമർശിച്ചതിലൂടെ ഗാനം വയലാർ എഴുതിയതാണെന്ന് ജനങ്ങൾ ധരിക്കട്ടെയെന്ന രീതിയിലായിരുന്നുവെന്നും പരിഹസിച്ചു.സുരേഷ് ഗോപിയുടെ സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് താൻ നൽകിയ പിന്തുണയും ശ്രീകുമാരൻ തമ്പി ഓർമിപ്പിച്ചു. ‘യുവജനോത്സവം’ എന്ന ചിത്രത്തിൽ പ്രധാന വില്ലൻ വേഷത്തിലേക്ക് സുരേഷ് ഗോപിയെ പരിഗണിച്ചതും ‘അക്ഷരത്തെറ്റ്’ എന്ന ചിത്രത്തിൽ നായകനാക്കണമെന്ന് നിർദേശിച്ചതും താനാണെന്ന് അദ്ദേഹം പറഞ്ഞു. അന്ന് സുരേഷ് ഗോപിയുടെ അമ്മ സിനിമ കണ്ടശേഷം തന്നെ ഫോണിൽ വിളിച്ച് നന്ദി അറിയിച്ച കാര്യവും അദ്ദേഹം കുറിപ്പിൽ പരാമർശിച്ചു.കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇതെല്ലാം മറന്നിരിക്കാമെന്ന് പരിഹസിച്ച ശ്രീകുമാരൻ തമ്പി, 86-ാം വയസ്സിലും തന്റെ ഓർമശക്തിക്ക് യാതൊരു പ്രശ്നവുമില്ലെന്നും വ്യക്തമാക്കി. “എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽ നിന്ന് രക്ഷപ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ‘മിനിമോൾ’ എന്ന ചിത്രത്തിനായി 1977ൽ രചിച്ച ‘കേരളം കേരളം കേളികൊട്ടുയരുന്ന കേരളം’ എന്ന ഗാനത്തിന് ദേവരാജൻ മാസ്റ്ററാണ് സംഗീതം നൽകിയത്.



