തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്ത് 950 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ചെറിയ ഉപഗ്രഹ വിക്ഷേപണ സമുച്ചയത്തിന്റെ നടത്തിപ്പും പരിപാലനവും സ്വകാര്യ കമ്പനിക്ക് കൈമാറാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിനായി ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (IN-SPACe) താൽപര്യപത്രങ്ങൾ ക്ഷണിച്ചു. ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി സ്വകാര്യ മേഖലയ്ക്ക് കൂടുതൽ തുറന്നുകൊടുക്കുന്നതിന്റെ ഭാഗമാണിത്.ശ്രീഹരിക്കോട്ടയെ അപേക്ഷിച്ച് കുലശേഖരപട്ടണത്ത് നിന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമ്പോൾ ഇന്ധന ഉപഭോഗം കുറയ്ക്കാനും കൂടുതൽ ഭാരം വഹിക്കാനും സാധിക്കും. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ത്യൻ സ്വകാര്യ കമ്പനികൾക്കാണ് നടത്തിപ്പിനും പരിപാലനത്തിനുമുള്ള അവസരം ലഭിക്കുക. ഐഎസ്ആർഒയുടെ സാങ്കേതിക പിന്തുണയോടെ പ്രവർത്തിക്കുന്ന സമുച്ചയം രാജ്യത്തെ സ്വകാര്യ റോക്കറ്റ്, ഉപഗ്രഹ നിർമാതാക്കൾക്കും ഗുണകരമാകും.



