ഇന്ത്യ ആറാം തലമുറ യുദ്ധവിമാന വികസന പദ്ധതികളിൽ പങ്കാളിയാകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ബ്രിട്ടൻ, ഇറ്റലി, ജപ്പാൻ എന്നിവയുടെ ഗ്ലോബൽ കോംബാറ്റ് എയർ പ്രോഗ്രാം (GCAP), ഫ്രാൻസിന്റെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ കോംബാറ്റ് എയർ സിസ്റ്റം (FCAS) എന്നിവയാണ് ഇന്ത്യ പരിഗണിക്കുന്ന പ്രധാന പദ്ധതികൾ. അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെ ആറാം തലമുറ സാങ്കേതികവിദ്യ സ്വന്തമാക്കുന്നതിനുള്ള റോഡ്മാപ്പ് പ്രതിരോധ മന്ത്രാലയം തയ്യാറാക്കിവരുന്നതായി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു.അഞ്ചാം തലമുറ AMCA യുദ്ധവിമാനം സർവീസിലെത്തുന്നതിന് മുമ്പുതന്നെ ആറാം തലമുറ സാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ നീങ്ങണമെന്ന് പാർലമെന്ററി സമിതി ശുപാർശ ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പൈലറ്റില്ലാ ഡ്രോൺ കൂട്ടായ്മകൾ, അത്യാധുനിക സെൻസറുകൾ തുടങ്ങിയ സാങ്കേതികവിദ്യകൾ ഭാവിയിലെ വ്യോമയുദ്ധത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.വിമാനങ്ങൾ വാങ്ങുന്ന രാജ്യം എന്ന നിലയിൽ മാത്രം തുടരാതെ ഡിസൈൻ, സോഫ്റ്റ്വെയർ, നിർമാണം, ഗവേഷണം തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ വ്യവസായങ്ങൾക്കും സ്ഥാപനങ്ങൾക്കും സാങ്കേതിക പങ്കാളിത്തം ഉറപ്പാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഫ്രാൻസുമായുള്ള ശക്തമായ തന്ത്രപ്രധാന ബന്ധവും റഫാൽ സഹകരണവും കണക്കിലെടുക്കുമ്പോൾ FCAS പദ്ധതിയിൽ ഇന്ത്യയ്ക്ക് പ്രത്യേക സാധ്യതകളുണ്ടെന്നാണ് വിലയിരുത്തൽ.



