ഫ്രഞ്ച് വിമാന നിർമാതാക്കളായ ദസോ ഏവിയേഷൻ ഇന്ത്യയിൽ റഫാൽ യുദ്ധവിമാനങ്ങളുടെ ഫൈനൽ അസംബ്ലി ലൈൻ സ്ഥാപിക്കാൻ ടാറ്റ ഗ്രൂപ്പുമായി സഹകരിക്കാൻ നിർദേശം മുന്നോട്ടുവച്ചു. നിർദേശം അംഗീകരിച്ചാൽ ഫ്രാൻസിന് പുറത്ത് ദസോ സ്ഥാപിക്കുന്ന ആദ്യ റഫാൽ അസംബ്ലി ലൈൻ ഇന്ത്യയിലാകും. ഇന്ത്യൻ വ്യോമസേനയ്ക്കായി 114 മൾട്ടി-റോൾ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കത്തിനിടെയാണ് നിർണായക നിർദേശം. റഫാലിന്റെ ഫ്യൂസലേജ് ഭാഗങ്ങൾ നിലവിൽ നിർമിക്കുന്ന ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസിന് അസംബ്ലി ചുമതല കൂടി ലഭിക്കുന്നത് ഇന്ത്യയുടെ പ്രതിരോധ നിർമാണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും രാജ്യത്തെ ആഗോള പ്രതിരോധ നിർമാണ ഹബ്ബായി ഉയർത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.



