ന്യൂഡൽഹിയിൽ തുടർച്ചയായ കനത്ത മഴയ്ക്ക് പിന്നിൽ ഒന്നിലധികം കാലാവസ്ഥാ സംവിധാനങ്ങളുടെ അപൂർവ സംഗമമാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. തെക്കുപടിഞ്ഞാറൻ ഉത്തർപ്രദേശിലെ ന്യൂനമർദ മേഖല, ഡൽഹിയിലൂടെ കടന്നുപോകുന്ന മൺസൂൺ ട്രഫ്, ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റ്, വെസ്റ്റേൺ ഡിസ്റ്റർബൻസ് എന്നിവ ഒരുമിച്ച് പ്രവർത്തിച്ചതാണ് മഴ ശക്തമാകാൻ കാരണം. ഓഗസ്റ്റ് 7ന് പുഷ്പ് വിഹാറിൽ 111.5 മില്ലീമീറ്ററും ഛത്തർപൂരിൽ 104.5 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. അയനഗറിൽ 87.4 മില്ലീമീറ്ററും പാലത്ത് 73.5 മില്ലീമീറ്ററും മഴ ലഭിച്ചു. കനത്ത മഴ ഡൽഹിയിലെ താപനില സാധാരണയേക്കാൾ 5 ഡിഗ്രി സെൽഷ്യസിലധികം താഴാൻ ഇടയാക്കിയെങ്കിലും പല മേഖലകളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായി. ഓഗസ്റ്റ് 8നും പൊതുവേ മേഘാവൃതമായ കാലാവസ്ഥയും ഇടയ്ക്കിടെ മഴയും പ്രതീക്ഷിക്കുന്നുണ്ട്. ഓഗസ്റ്റ് 9 മുതൽ 13 വരെ നേരിയ മഴ തുടരാനും പരമാവധി താപനില 32–35 ഡിഗ്രി സെൽഷ്യസിനിടയിൽ ഉയരാനും സാധ്യതയുണ്ട്.



