13 വർഷത്തെ കോർപ്പറേറ്റ് ജീവിതം ഉപേക്ഷിച്ച് മാതാപിതാക്കൾക്കൊപ്പം നിൽക്കാൻ നാട്ടിലേക്ക് മടങ്ങിയ ശ്രീകാന്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 80 വയസ്സുള്ള അച്ഛനെ ആദ്യമായി വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യിച്ച വീഡിയോ വൈറലായതോടെയാണ് അദ്ദേഹത്തിന്റെ ജീവിതകഥയും ശ്രദ്ധേയമായത്. ഒരിക്കൽ അഞ്ച് രൂപ റിക്ഷാ കൂലി ലാഭിക്കാൻ ഓഫീസിലേക്ക് നടന്നുപോയിരുന്ന അച്ഛന് ഇന്ന് ജീവിതത്തിൽ അനുഭവിക്കാനാകാതെ പോയ ചെറിയ സന്തോഷങ്ങളും സൗകര്യങ്ങളും നൽകാനാണ് താൻ ശ്രമിക്കുന്നതെന്ന് ശ്രീകാന്ത് പറയുന്നു.2018-ൽ നാട്ടിലെത്തിയപ്പോൾ പ്രായമായ മാതാപിതാക്കൾ ദൈനംദിന കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുന്നത് കണ്ടതാണ് ജീവിതം മാറ്റിമറിച്ച നിമിഷമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഭാര്യ നൂപുരിനൊപ്പം നാട്ടിൽ തന്നെ താമസിക്കാനും പുതിയൊരു ജീവിതം ആരംഭിക്കാനും തീരുമാനിച്ചെങ്കിലും കോവിഡ് മഹാമാരിയും തുടർന്ന് അമ്മയെ സ്റ്റേജ്-4 കാൻസറിന് നഷ്ടപ്പെട്ടതും കുടുംബത്തെ വലിയ പ്രതിസന്ധിയിലാക്കി. പിന്നീട് അച്ഛനെ ഒറ്റയ്ക്കാക്കില്ലെന്ന ഉറച്ച തീരുമാനത്തോടെയാണ് അദ്ദേഹം മുന്നോട്ടുപോയത്. മാതാപിതാക്കളുടെ ത്യാഗങ്ങൾക്ക് തിരിച്ചടവായി അവരുടെ ശേഷിക്കുന്ന ജീവിതം സന്തോഷകരമാക്കാനുള്ള മകന്റെ ശ്രമമാണ് ഇപ്പോൾ നിരവധി പേരുടെ ഹൃദയം കീഴടക്കുന്നത്.



