ബാഹുബലിയും ആർആർആറും നേടിയ വമ്പൻ വിജയങ്ങൾക്ക് ശേഷം എസ്.എസ്. രാജമൗലി ഒരുക്കുന്ന പുതിയ ബ്രഹ്മാണ്ഡ ചിത്രമായ ‘വാരണാസി’യുടെ ചിത്രീകരണം അതിവേഗം പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകൾ. മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഇതിനോടകം പൂർത്തിയായതായും ഇനി ശേഷിക്കുന്ന ഷെഡ്യൂളുകൾ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ചിത്രീകരിക്കാനാണ് പദ്ധതിയെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വലിയ ബജറ്റിലും വിപുലമായ കാൻവാസിലുമൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറോടെ അവസാനിക്കുമെന്നാണ് സൂചന.വാരണാസി നഗരത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ നഗരത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന ഒരു ഭീമൻ ഛിന്നഗ്രഹത്തിന്റെ വരവാണ് കഥയുടെ കേന്ദ്രവിഷയം. ശിവഭക്തനായ രുദ്ര എന്ന കഥാപാത്രമായാണ് മഹേഷ് ബാബു എത്തുന്നത്. ചിത്രത്തിലെ ഒരു പ്രത്യേക ഭാഗത്തിൽ ശ്രീരാമന്റെ വേഷത്തിലും അദ്ദേഹം പ്രത്യക്ഷപ്പെടുമെന്ന റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ സിനിമയിലേക്കുള്ള പ്രിയങ്ക ചോപ്രയുടെ ശ്രദ്ധേയ തിരിച്ചുവരവ് കൂടിയായ ഈ ചിത്രത്തിൽ മന്ദാകിനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ പ്രതിനായകനായ കുംഭയായി എത്തുമ്പോൾ, ഓസ്കർ ജേതാവായ എം.എം. കീരവാണി സംഗീതം നിർവഹിക്കുന്നു.ബാഹുബലിക്ക് ശേഷം ഇന്ത്യൻ സിനിമയുടെ വിപണിയെയും അവതരണ രീതികളെയും മാറ്റിമറിച്ച സംവിധായകനായ രാജമൗലിയുടെ അടുത്ത ദൃശ്യവിസ്മയമെന്ന നിലയിലാണ് ‘വാരണാസി’യെ സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. മിത്തോളജിയും ആക്ഷനും ഫാന്റസിയും സമന്വയിപ്പിച്ചുകൊണ്ട് ഒരുക്കുന്ന ചിത്രം 2027 ഏപ്രിൽ 7ന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.



