മധ്യപ്രദേശിലെ ഗ്വാളിയോറിൽ രാജ്യത്തെ ആദ്യ സമർപ്പിത ടെലികോം മാനുഫാക്ചറിംഗ് സോൺ (TMZ) സ്ഥാപിക്കാനൊരുങ്ങുന്നു. 350 ഏക്കർ വിസ്തൃതിയിൽ വികസിപ്പിക്കുന്ന ഈ കേന്ദ്രത്തിൽ മൊബൈൽ ഉപകരണങ്ങൾ, നെറ്റ്വർക്ക് ഉപകരണങ്ങൾ, ഒപ്റ്റിക്കൽ ഫൈബർ, സെമികണ്ടക്ടർ നിർമ്മാണം എന്നിവയ്ക്കൊപ്പം 5G, 6G സാങ്കേതികവിദ്യകളിലെ ഗവേഷണ-വികസന പ്രവർത്തനങ്ങളും ഉൾപ്പെടും. ഏകദേശം 493 കോടി രൂപയുടെ കേന്ദ്ര സർക്കാർ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതി ഇറക്കുമതി ആശ്രയം കുറയ്ക്കുകയും ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കൂടുതൽ കരുത്തേകുകയും ചെയ്യും. മധ്യപ്രദേശ് സർക്കാരിന് 51 ശതമാനവും കേന്ദ്ര ടെലികോം വകുപ്പിന് 49 ശതമാനവും പങ്കാളിത്തമുള്ള സംയുക്ത മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. ടെലികോം മേഖലയിലെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനൊപ്പം വലിയ തോതിൽ തൊഴിലവസരങ്ങളും സാങ്കേതിക വികസനത്തിനും ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.



