ആന്ധ്രാപ്രദേശിന്റെ അടിസ്ഥാനസൗകര്യ, വ്യവസായ, ഊർജ മേഖലകളിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന നിരവധി വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 5,600 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം (ഭോഗാപുരം) പ്രതിവർഷം 60 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ്. വിശാഖപട്ടണത്ത് 460 കോടി രൂപയുടെ നിക്ഷേപത്തിൽ ആരംഭിക്കുന്ന സെമികണ്ടക്ടർ പദ്ധതിയിലൂടെ വർഷംതോറും 9.6 കോടി ചിപ്പുകൾ ഉൽപാദിപ്പിക്കാനാകും. കർണൂലും അനന്തപൂരും കേന്ദ്രീകരിച്ച് 5,500 കോടിയിലധികം രൂപയുടെ നിക്ഷേപത്തോടെ സൗരോർജ്ജ-കാറ്റാടി വൈദ്യുതി പദ്ധതികൾക്കായുള്ള ആധുനിക ഗ്രിഡ് സംവിധാനങ്ങളും രാജ്യത്തിന് സമർപ്പിച്ചു. റെച്ചർല-ഗുരുവാജിഗുഡം, ഗുരുവാജിഗുഡം-ദേവരാപ്പള്ളി ഗ്രീൻഫീൽഡ് ഹൈവേകൾ ഉൾപ്പെടെയുള്ള റോഡ് വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തതോടെ മേഖലയുടെ കണക്റ്റിവിറ്റിയും സാമ്പത്തിക വളർച്ചയും കൂടുതൽ ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ.



