മദ്രാസ് ഐ.ഐ.ടി. ഡയറക്ടർ പ്രൊഫ. വി. കാമകോടിയെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിനിടെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി “ഗോമൂത്ര വിദഗ്ധൻ” എന്ന് വിശേഷിപ്പിച്ചതിനെതിരെ 215-ലധികം വിദ്യാഭ്യാസവിദഗ്ധർ രംഗത്തെത്തി. പരിഹാസം യുക്തിസഹമായ സംവാദത്തിന് പകരമാകില്ലെന്ന് ചൂണ്ടിക്കാട്ടി വൈസ് ചാൻസലർമാരും മുൻ വൈസ് ചാൻസലർമാരും ഉൾപ്പെടെയുള്ള പ്രമുഖർ പ്രിയങ്ക ഗാന്ധിക്ക് തുറന്ന കത്ത് അയച്ചു. നീറ്റ് പരീക്ഷാ പരിഷ്കാരങ്ങൾ ശുപാർശ ചെയ്യാൻ കേന്ദ്രസർക്കാർ രൂപവത്കരിച്ച സമിതിയിലെ അംഗവും പദ്മപുരസ്കാര ജേതാവുമായ പ്രൊഫ. കാമകോടിക്ക് തന്റെ അഭിപ്രായങ്ങളും പരമ്പരാഗത അറിവുകളുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളും അവതരിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് കത്തിൽ പറയുന്നു. ഒരു പണ്ഡിതന്റെ വാദങ്ങളെ ശാസ്ത്രീയമായി പരിശോധിക്കുന്നതിനുപകരം ലേബൽ ചാർത്തി തള്ളിക്കളയുന്നത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ശാസ്ത്രബോധത്തിന് വിരുദ്ധമാണെന്നും, ഏതൊരു അവകാശവാദവും അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതിന് മുമ്പ് സൂക്ഷ്മമായ വിലയിരുത്തൽ അനിവാര്യമാണെന്നും വിദ്യാഭ്യാസവിദഗ്ധർ അഭിപ്രായപ്പെട്ടു.



