തിരുവനന്തപുരം: റെയ്ൽവേ സ്റ്റേഷനുകളിൽ ക്യൂവിൽ കാത്തുനിൽക്കാതെ യാത്രക്കാർക്ക് അധിക ലഗേജുകൾ കൊണ്ടുപോകാൻ ഇനി ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാം. ഇതിന് പുതിയ ഓൺലൈൻ സംവിധാനത്തിന് ഇന്ത്യൻ റെയ്ൽവേ തുടക്കമിട്ടു. www.parcel.indianrail.gov.in എന്ന വെബ്സൈറ്റ് വഴി വെള്ളിയാഴ്ച മുതൽ അധിക ലഗേജ് ബുക്ക് ചെയ്യാം.യാത്രാ വിവരങ്ങൾ (പുറപ്പെടുന്ന സ്റ്റേഷൻ, ലക്ഷ്യസ്ഥാനം, ട്രെയ്ൻ നമ്പർ) നൽകി ലഗേജിന്റെ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ പോർട്ടൽ വഴി ചരക്കു കൂലി അറിയാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത ശേഷം, യാത്ര പുറപ്പെടുന്ന സ്റ്റേഷനിലെ പാർസൽ ഓഫിസിൽ ലഗേജ് എത്തിച്ച് ഭാരം തിട്ടപ്പെടുത്തി തുക ഉറപ്പാക്കണം. തുക അടച്ചാൽ രസീത് ലഭിക്കും. ലക്ഷ്യസ്ഥാനത്ത് ലഗേജ് കൈപ്പറ്റാൻ ഈ രസീത് ആവശ്യമാണ്.ലഗേജ് എവിടെയെത്തി എന്ന് “ട്രാക്ക് ആൻഡ് ട്രെയ്സ്’ സേവനം വഴി തത്സമയം നിരീക്ഷിക്കാം. ലഗേജ് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ എസ്എംഎസ് അറിയിപ്പും ലഭിക്കും. വിവിധ ക്ലാസുകളിലെ ലഗേജ് പരിധികളും യാത്രക്കാർക്ക് സൗജന്യമായി കൊണ്ടുപോകാൻ കഴിയുന്ന ലഗേജിന്റെ അളവും അധിക തുക നൽകി കൊണ്ടുപോകാൻ കഴിയുന്ന പരമാവധി പരിധിയും റെയ്ൽവേ പരസ്യപ്പെടുത്തി.
സെക്കൻഡ് ക്ലാസ് (ജനറൽ) കോച്ചിലെ യാത്രക്കാർക്ക് 35 കിലോഗ്രാം വരെയാണ് സൗജന്യമായി കൊണ്ടുപോകാനാവുക. 70 കിലോ ചരക്കു കൂലി നൽകി കൊണ്ടുപോകാം. സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 40 കിലോ വരെ സൗജന്യമായും 80 കിലോ വരെ ചരക്കു കൂലി നൽകിയും കൊണ്ടുപോകാം. എസി 3-ടയർ, എസി ചെയർ കാർ കോച്ചിലെ യാത്രക്കാർക്ക് 40 കിലോ വരെ സൗജന്യമായും 40 കിലോ വരെ അധിക തുക നൽകിയും കൊണ്ടുപോകാം.എസി കോച്ചുകളിൽ അധിക ലഗേജ് അനുവദനീയമല്ല. ഫസ്റ്റ് ക്ലാസ് എസി കോച്ചിലെ യാത്രക്കാർക്ക് 70 കിലോയാണ് സൗജന്യമായി കൊണ്ടുപോകാൻ കഴിയുക. 150 കിലോ വരെ ചരക്കുകൂലി നൽകി കൊണ്ടുപോകാം.



