കാൺപുർ: ഐ.എ.എസ്. ഓഫീസർമാരോ അധ്യാപികമാരോ ആകുന്നതിന് മുൻപ് സ്ത്രീകൾ മികച്ച അമ്മമാരാകാൻ പരിശ്രമിക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. കുടുംബ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനിടയിലാവണം ഔദ്യോഗിക ജീവിതത്തിലെ നേട്ടങ്ങളെന്നാണ് ഗവർണർ അഭിപ്രായപ്പെട്ടത്. വിവാഹശേഷം പഠനവും ജോലിയും തുടരാൻ പെൺകുട്ടികളോട് ആവശ്യപ്പെട്ട ഗവർണർ, കുടുംബത്തിനും സമൂഹത്തിനും സംഭാവനകൾ നൽകണമെന്നും പറഞ്ഞു. കാൺപുരിൽ ഒരു സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
Anandiben Patel വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഉയർന്ന മാർക്കുകളും ബിരുദങ്ങളും നേടുക മാത്രമല്ല, നല്ല സ്വഭാവവും കുടുംബമൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്തബോധവും വളർത്തിയെടുക്കുക കൂടിയാണെന്ന് പറഞ്ഞു. ഐ.എ.എസ്. ഓഫീസറോ അധ്യാപികയോ മറ്റേതെങ്കിലും മേഖലയിലെ പ്രൊഫഷണലോ ആകുന്നതിന് മുമ്പ് നല്ല വ്യക്തിത്വവും കുടുംബത്തോടുള്ള ഉത്തരവാദിത്തവും വളർത്തിയെടുക്കണമെന്ന് അവർ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. വീട്ടിലെ ദൈനംദിന കാര്യങ്ങളിലും എല്ലാവർക്കും അടിസ്ഥാനപരമായ ജീവിതനൈപുണ്യങ്ങൾ ഉണ്ടായിരിക്കണമെന്നും അവർ പറഞ്ഞു.വിവാഹശേഷം സ്ത്രീകൾ പഠനം അവസാനിപ്പിക്കാതെ ഉയർന്ന വിദ്യാഭ്യാസവും തൊഴിൽപരമായ വളർച്ചയും തുടരണം. അവർ നേടിയ അറിവും കഴിവും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിന്റെ പുരോഗതിക്കും പ്രയോജനപ്പെടുത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.കുട്ടികൾ സ്കൂളുകളിലും കോളേജുകളിലും ചേർന്ന ശേഷം അവരുടെ പഠനവും സുഹൃദ്‌വലയവും പെരുമാറ്റവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രക്ഷിതാക്കൾ തുടർച്ചയായി ശ്രദ്ധ പുലർത്തണം. മേൽനോട്ടത്തിലെ ചെറിയ വീഴ്ച പോലും കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.ഗാർഹിക പീഡനവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർധിക്കുന്നത് സമൂഹത്തിലെ ധാർമികമൂല്യങ്ങളുടെ ക്ഷയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു. വിദ്യാഭ്യാസത്തെ ബിരുദങ്ങളും മാർക്കുകളും മാത്രം അടിസ്ഥാനമാക്കി വിലയിരുത്താനാകില്ല. ഉയർന്ന വിദ്യാഭ്യാസമുള്ളവരുടെ എണ്ണമുയർന്നിട്ടും സമൂഹത്തിൽ കുറ്റകൃത്യങ്ങൾ തുടരുകയാണെങ്കിൽ, വിദ്യാഭ്യാസത്തിൽ മൂല്യബോധത്തിനും സ്വഭാവരൂപീകരണത്തിനും കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയാണ് അത് വ്യക്തമാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.



